വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് തടയാനുള്ള ശ്രമങ്ങളെല്ലാം പരാജയം രുചിച്ചുകഴിഞ്ഞു. ഹെല്‍ത്ത് സെക്രട്ടറിയുടെ ഓഫറുകളൊന്നും തങ്ങളെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും സമരകാലത്തും സേവനങ്ങള്‍ തുടരുമെന്ന് അറിയിച്ചിട്ടുള്ള എന്‍എച്ച്എസ് ഇംഗ്ലണ്ട് രോഗികള്‍ സഹായം തേടാന്‍ മടിക്കേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 7 മുതല്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കിന് തുടക്കം കുറിയ്ക്കും. എന്നാല്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ എന്‍എച്ച്എസ് പരിചരണത്തിനായി മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിക്കുന്നു. പരിചരണത്തില്‍ തടസ്സങ്ങള്‍ കുറയ്ക്കാനും, ജീവന്‍രക്ഷാ പരിചരണം തുടരാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അന്‍പതിനായിരത്തോളം റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കുചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൂടാതെ ആരെല്ലാം പണിമുടക്ക് ദിനത്തില്‍ ഹാജരാകില്ലെന്ന് മുന്‍കൂട്ടി അറിയിക്കേണ്ടെന്ന് ബിഎംഎ ഉപദേശിച്ചിട്ടുള്ളതിനാല്‍ എന്‍എച്ച്എസിന്റെ തയ്യാറെടുപ്പുകള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
സാധ്യമായാല്‍ പതിവ് ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും തുടര്‍ന്നും ലഭ്യമാക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി ജിം മാക്കി ആശുപത്രി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗികള്‍ക്ക് അപകടമെന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രം ഇത് ഒഴിവാക്കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ റസിഡന്റ് ഡോക്ടറുടെ അഭാവത്തില്‍ സാധാരണ നിലയില്‍ തുടരുന്നത് അപകടമായി മാറുമെന്ന് ബിഎംഎ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം സമരത്തില്‍ ജിപി സര്‍ജറികള്‍ തുറന്ന് പ്രവര്‍ത്തിക്കും. അടിയന്തര പരിചരണവും, എ&ഇയും സമരദിനങ്ങളിലും ലഭ്യമായിരിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി.