ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന യുകെ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ആശ്വാസം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്. ബ്രക്‌സിറ്റിന് ശേഷം വ്യാപാരബന്ധങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഇന്ത്യയുടെ വ്യാപാര വിപണി തുറന്നുകിട്ടുന്ന സുപ്രധാന സ്വതന്ത്ര വ്യാപാര കരാറിലാണ് ഒപ്പുവെയ്ക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധം കൂടി ശക്തമായതോടെ ബ്രിട്ടന് ഇന്ത്യയുമായുള്ള കരാര്‍ സുപ്രധാനമായി മാറിയിരുന്നു.
മുന്‍ ടോറി ഗവണ്‍മെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് കരാര്‍ ഉറപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇപ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റ് ഈ കരാര്‍ നേടിയെടുത്തത് ബ്രിട്ടന്റെ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്കിടെ വലിയ നേട്ടമാണ്. ഏഷ്യക്ക് പുറത്ത് ഇന്ത്യ ആദ്യമായി നല്‍കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ കൂടിയാണിത്.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ കണ്ട് ചര്‍ച്ചകള്‍ നടത്തുന്നതിന് പുറമെ ചാള്‍സ് രാജാവിനെയും പ്രധാനമന്ത്രി മോദി കാണുന്നുണ്ട്. ബ്രിട്ടന് ഇന്ത്യയില്‍ ബിസിനസ്സ് നടത്താനുള്ള അനുമതിയാണ് ലഭിക്കുന്നതെങ്കില്‍ ഇന്ത്യ ചര്‍ച്ചകളില്‍ വിലപേശി നേടിയത് ഇന്ത്യക്കാര്‍ക്ക് വിസാ ഇളവുകളും, പ്രൊഫഷണല്‍ യോഗ്യതകള്‍ക്ക് അംഗീകാരവും, യുകെയില്‍ തല്‍ക്കാലമായി ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനില്‍ ഇളവുകളുമാണ്.
കരാര്‍ പ്രകാരം ഇന്ത്യയുടെ യുകെയിലേക്കുള്ള 99% ഇറക്കുമതിക്കും പൂജ്യം തീരുവ മതി. തിരിച്ച് ഇന്ത്യയിലേക്കുള്ള 90% ഇറക്കുമതിക്ക് തീരുവ വെട്ടിക്കുറയ്ക്കും. ബ്രിട്ടീഷ് സ്‌കോച്ച്, കാറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍, വിമാന ഭാഗങ്ങള്‍, ഇലക്ട്രോണിക്‌സ് മേഖലകള്‍ക്കാണ് ഇത് ഗുണം ചെയ്യുക.