ബ്രിട്ടനില്‍ അഭയാര്‍ത്ഥിവിരുദ്ധ പ്രതിഷേധങ്ങള്‍ കുടിയേറ്റക്കാരെ അക്രമിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് ഒരു വിഭാഗം തെമ്മാടികള്‍. കഴിഞ്ഞ ദിവസം ഇന്ത്യക്കാരനെ അര്‍ദ്ധനഗ്നമാക്കി, ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. വീക്കെന്‍ഡില്‍ ലണ്ടനില്‍ ഉള്‍പ്പെടെ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ അരങ്ങേറാന്‍ ഇരിക്കവെ ആശങ്ക പടരുകയാണ്.
അഭയാര്‍ത്ഥികളെയും, അനധികൃത കുടിയേറ്റക്കാരെയും പാര്‍പ്പിച്ചിട്ടുള്ള ഹോട്ടലുകള്‍ക്ക് നേരെയാണ് ഇപ്പോള്‍ പ്രതിഷേധം. എസെക്‌സിലെ എപ്പിംഗില്‍ നടന്ന പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയിരുന്നു. ഇതോടെ സമ്മറില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുമെന്നാണ് ആശങ്ക.
പോലീസ് ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ട്രേഡ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സ് വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. അഭയാര്‍ത്ഥി സിസ്റ്റവുമായി ബന്ധപ്പെട്ടാണ് ആളുകള്‍ രോഷം പ്രകടിപ്പിക്കുന്നതെന്നും, അത് ന്യായമാണെന്നും ട്രേഡ് സെക്രട്ടറി സമ്മതിക്കുന്നു.
അതേസമയം കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ഹോട്ടലുകളുടെ എണ്ണ 400 ആയിരുന്നത് 200-ലേക്ക് ചുരുക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീക്കെന്‍ഡില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കലാപമായി മാറാന്‍ സാധ്യതയുണ്ടെന്ന ആശങ്കയില്‍ പോലീസ് ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എസെക്‌സില്‍ സുരക്ഷയൊരുക്കാന്‍ പോലീസ് ഓപ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്.