ബ്രിട്ടനിലെ സ്റ്റേറ്റ് പെന്‍ഷന്‍ പ്രതിസന്ധി മുന്‍പ് പ്രതീക്ഷിച്ചതിലും മോശമാകുമെന്ന് മുന്നറിയിപ്പ്. ജീവിതനിലവാരം സംബന്ധിച്ച് മെച്ചപ്പെടലുകള്‍ക്ക് നേരിടുന്ന വെല്ലുവിളികളെ ട്രഷറിയുടെ ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി സാരമായി കാണുന്നില്ലെന്നാണ് ആശങ്ക. സമൂഹത്തിലെ സാധാരണക്കാരും, ധനികരും തമ്മിലുള്ള ആയുര്‍ദൈര്‍ഘ്യത്തിലെ വ്യത്യാസം പരിഗണിച്ചാല്‍ 2070 മധ്യത്തോടെ പ്രതിവര്‍ഷം 8 ബില്ല്യണ്‍ പൗണ്ട് അധിക ചെലവ് വരുമെന്നാണ് കരുതുന്നത്.
നിലവില്‍ ജിഡിപി വിഹിതമായി പെന്‍ഷന്‍ ഫണ്ടിലേക്ക് ചെലവഴിക്കുന്ന തുക നിലനിര്‍ത്തണമെങ്കില്‍ പെന്‍ഷന്‍ പ്രായം 74ന് പകരം 80 വരെ നീട്ടേണ്ടി വരുമെന്നാണ് അനുമാനം. എന്നാല്‍ ഔദ്യോഗിക പെന്‍ഷന്‍ പ്രായം വേഗത്തില്‍ വര്‍ദ്ധിപ്പിച്ചാല്‍ തെരുവിലിറങ്ങുമെന്നാണ് യൂണിയന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച വെല്‍ഫെയര്‍ സെക്രട്ടറി വിഷയത്തില്‍ റിവ്യൂ പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് റിവ്യൂ നടത്തുന്നതിന് എതിരെ റെയില്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ രംഗത്തെത്തി. പെന്‍ഷനില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ട്രിപ്പിള്‍ ലോക്ക് 'പൊട്ടിക്കേണ്ടി' വരുമെന്ന അഭ്യൂഹം ശക്തമാണ്.
ദശകത്തിന്റെ അവസാനത്തോടെ മൂന്നിരട്ടി ചെലവാണ് ഇത് നിലനിര്‍ത്താനായി ചെലവാക്കേണ്ടി വരികയെന്ന് ഒബിആര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രായമേറുന്ന ജനസംഖ്യ ഭാരം വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്ക. 2026 മുതല്‍ 2028 വരെ പെന്‍ഷന്‍ പ്രായം 67-ലേക്ക് ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ്. 2044-46 വര്‍ഷത്തോടെ ഇത് 68-ലേക്ക് എത്തും.
എന്നാല്‍ ഈ വേഗതയില്‍ പോയാല്‍ പെന്‍ഷന്‍ ഫണ്ട് നല്‍കുന്നത് ഭാരമായി മാറുമെന്നാണ് റിപ്പോര്‍ട്ട്.