ലേബര്‍ ഗവണ്‍മെന്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമേകാന്‍ നടത്തിയ പരിശ്രമങ്ങള്‍ പലതും തിരിച്ചടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനിടെ ഫണ്ട് സൃഷ്ടിച്ചെടുക്കാനായി നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ട നടത്തിയത് വഴി എംപ്ലോയേഴ്‌സിനെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരി മുതല്‍ പ്രൈവറ്റ് സെക്ടറിലെ ജീവനക്കാരുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ഒരു ബിസിനസ്സ് സര്‍വ്വെ കണ്ടെത്തി. പ്രവര്‍ത്തനം ശോഷിച്ച അവസ്ഥയില്‍ തുടരുകയാണെന്നും, സമ്മറില്‍ പോലും സമ്പദ് വ്യവസ്ഥ ചെറിയ തോതിലുള്ള വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തുകയെന്നുമാണ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പറയുന്നത്.
ലേബര്‍ ഗവണ്‍മെന്റിന്റെ നടപടികള്‍ മോശമാകുന്നുവെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ റിപ്പോര്‍ട്ട്. ബ്രിട്ടനെ 'മെച്ചപ്പെടുത്തുന്നുവെന്ന്' ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവകാശപ്പെടുമ്പോഴാണ് വിപരീത ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് സ്ഥിരീകരിക്കപ്പെടുന്നത്.
അവകാശവാദങ്ങള്‍ തകര്‍ത്ത് എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയും, കുത്തനെ വര്‍ദ്ധിച്ച മിനിമം വേജും ചേര്‍ന്ന് സഥാപനങ്ങളുടെ ലാഭം ചുരുക്കുകയും, ജീവനക്കാരെ പുതുതായി എടുക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റുകയും ചെയ്തത്. സ്വകാര്യ മേഖലയിലെ വളര്‍ച്ച മുരടിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസകരമായ വാര്‍ത്തയല്ല.
ഓര്‍ഡറുകള്‍ ലഭിക്കുന്നത് കുറയുകയും, ചെലവ് വര്‍ദ്ധിക്കുകയും ചെയ്തത് ബിസിനസ്സുകളുടെ ആത്മവിശ്വാസം കെടുത്തുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണുള്ളതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി സ്ഥിരീകരിക്കുന്നു.