ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പുവെക്കുന്നതിനുള്ള ഒരുക്കത്തിലാണ്. സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കോടിക്കണക്കിന് വ്യാപാര-നിക്ഷേപ അവസരങ്ങള്‍ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള എഫ്ടിഎയില്‍ ഒപ്പുവെക്കുന്നത്. 2014-ല്‍ അധികാരമേറ്റ ശേഷം മോദി ഇത് നാലാം തവണയാണ് യുകെയില്‍ എത്തുന്നത്. ജൂലായ് 25-ന് മാലിദ്വീപിലേക്ക് തിരിക്കുന്നതിനുമുമ്പ് നരേന്ദ്ര മോദി വിപുലമായ ചര്‍ച്ചകള്‍ക്കായി യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കും.
വളരെകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക കെട്ടുറപ്പില്‍ ഇത് പ്രധാന വഴിത്തിരിവാകും. എഫ്ടിഎ വഴിയുണ്ടാകുന്ന നേട്ടങ്ങളും അനവധിയാണ്.
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യപാര കരാര്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് വലിയ പ്രോത്സാഹനമാകും. ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് കയറ്റി അയക്കുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും തീരുവയില്ലാതാകും. ഇത് നിലവിലുള്ള 4 ശതമാനം മുതല്‍ 16 ശതമാനം വരെ തീരുവ ഇല്ലാതാക്കും. പ്രത്യേകിച്ച് തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് ഇത് ഗുണം ചെയ്യും.
യുകെയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും കരാര്‍ ഗുണം ചെയ്യും. സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാകുന്നതോടെ യുകെയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് അവിടുത്തെ സാമൂഹിക സുരക്ഷയ്ക്കായി സംഭാവന നല്‍കേണ്ടി വരില്ല. ഇതുവഴി ഇന്ത്യന്‍ കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും പ്രതിവര്‍ഷം 4,000 കോടി രൂപ ലാഭിക്കാനാകും.
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും കരാര്‍ പുതിയ വാതിലുകള്‍ തുറന്നിടും. ഷെഫുമാര്‍, യോഗ പരിശീലകര്‍, സംഗീതജ്ഞര്‍, മറ്റ് കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് യുകയുടെ തൊഴില്‍ വിപണിയിലേക്ക് താല്‍ക്കാലിക പ്രവേശനം എഫ്ടിഎ വഴി സാധ്യമാകും. ഇത് ഇന്ത്യയുടെ സേവന മേഖലയില്‍ ഉണര്‍വ് പകരും.
യുകെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപവും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. യുകെ ഇതിനോടകം തന്നെ ഇന്ത്യയിലെ ആറാമത്തെ വലിയ വിദേശ നിക്ഷേപകരാണ്. ഇതുവരെ 36 ബില്യണ്‍ ഡോളറാണ് യുകെയില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് നിക്ഷേപിച്ചിട്ടുള്ളത്. സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ മാനുഫാക്ച്ചറിംഗ്, ഓട്ടോമൊബാല്‍സ്, ഇലക്ട്രിക് മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ പുതിയ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്.
നിരവധി പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ക്കും ഉടമ്പടി നേട്ടമാകും. വെല്‍സ്പണ്‍ ഇന്ത്യ, അരവിന്ദ് ലിമിറ്റഡ്, റിലാക്സോ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ഇലക്ട്രിക്, ഭാരത് ഫോര്‍ജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വ്യാപാര തടസങ്ങള്‍ കുറയുന്നത് യുകെ വിപണിയില്‍ സാന്നിധ്യം വ്യാപിപ്പിക്കാന്‍ ഈ കമ്പനികളെ സഹായിക്കും.
ഉടമ്പടി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ യുകെ സമ്പദ്വ്യവസ്ഥയ്ക്കും കാര്യമായ നേട്ടം കൊയ്യാനാകും. പ്രത്യേകിച്ച് ഇന്ത്യയിലേക്കുള്ള കയറ്റുമതി തീരുവ കുറയുന്നതിലൂടെ. ഇന്ത്യന്‍ വിപണിയിലേക്ക് യുകെയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ നീക്കംചെയ്യും. വിസ്‌കി, ജിന്‍, ഓട്ടോമൊബൈല്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിക്ക് കരാര്‍ പ്രോത്സാഹനമാകും.
അതായത് നിലവില്‍ സ്‌കോച്ച് വിസ്‌കിക്കും ജിന്നിനുമുള്ള തീരുവ 150 ശതമാനമാണ്. ഇത് 75 ശതമാനം വരെയായി കുറയും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി കുറയും. സമാനമായി കാറുകളുടെ തീരുവ 100 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറയും.സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, സാല്‍മണ്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കും തീരുവ ഇളവിന്റെ ആശ്വാസം ലഭിക്കും. ഇന്ത്യന്‍ വിപണിയില്‍ ഇവ കൂടുതല്‍ മത്സരക്ഷമമാകും.
യുഎസ് മെഷിനറി, എയ്റോസ്പേസ്, ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറര്‍മാര്‍ക്കും കാര്യമായ നേട്ടമുണ്ടാകും. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ആസ്റ്റോണ്‍ മാര്‍ട്ടിന്‍, ഡിയാജിയോ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുടെ കയറ്റുമതി വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഇന്ത്യന്‍ ഇറക്കുമതിക്ക് ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ചെലവ് കുറയുന്നത് ബ്രിട്ടീഷ് ഉപഭോക്താക്കള്‍ക്കും നേട്ടമാകും.
കേന്ദ്ര സര്‍ക്കാരിന്റെ കരാര്‍ ജോലികളിലേക്ക് യുകെ കമ്പനികള്‍ക്ക് പ്രവേശിക്കാനുള്ള അവസരവും സ്വതന്ത്ര വ്യാപാര കരാറിലൂടെ ലഭിക്കും. എഫ്ടിഎയ്ക്കുകീഴില്‍ ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ രണ്ട് ബില്യണ്‍ രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന സെന്‍സിറ്റീവ് അല്ലാത്ത ടെന്‍ഡറുകളില്‍ പങ്കെടുക്കാം. ഇതുവഴി ഏതാണ്ട് 4.09 ലക്ഷം കോടി രൂപ മൂല്യം വരുന്ന 40,000 ടെന്‍ഡറുകളില്‍ യുകെ കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും.
സാമ്പത്തികമായി നോക്കുമ്പോള്‍ ഈ ഉടമ്പടി യുകെയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും. 2040 ആകുമ്പോഴേക്കും യുകെ സമ്പദ്വ്യവസ്ഥയിലേക്ക് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വഴി 6.5 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനാകും. ഇന്ത്യയിലേക്കുള്ള കയറ്റുമതി വഴിയുള്ള വരുമാനം 69 ശതമാനം അല്ലെങ്കില്‍ 21 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.