അനധികൃത കുടിയേറ്റക്കാരെ തടയാന്‍ കഴിയാതെ ലേബര്‍ ഗവണ്‍മെന്റ് വിഷമിക്കുമ്പോള്‍ അതേ വിഷയം ആളിക്കത്തിച്ച് ജനപ്രീതി നേടാന്‍ നിഗല്‍ ഫരാഗ്. അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങളെ വിജയിപ്പിച്ചാല്‍ നികുതിദായകരുടെ 230 ബില്ല്യണ്‍ പൗണ്ടിലേറെ ലാഭിച്ച് കൊടുക്കാമെന്നാണ് ഫരാഗിന്റെ പ്രഖ്യാപനം. റിഫോം യുകെ വിജയിച്ചാല്‍ ആയിരക്കണക്കിന് കുടിയേറ്റക്കാരെ പുറത്താക്കുന്നത് വഴി ഇത് സാധ്യമാകുമെന്നാണ് ഫരാഗിന്റെ നിലപാട്.
വിദേശ പൗരന്‍മാര്‍ക്ക് നിയമപരമായി പെര്‍മനന്റ് സെറ്റില്‍മെന്റ് അനുവദിക്കുന്നത് അഴിമതിയാണെന്നും, ഇത് അവസാനിപ്പിക്കുമെന്നുമാണ് പാര്‍ട്ടി നേതാവിന്റെ വാക്കുകള്‍. ഇത് കൈകാര്യം ചെയ്യാത്ത പക്ഷം രാജ്യം പാപ്പരാകുമെന്നാണ് ഫരാഗിന്റെ മുന്നറിയിപ്പ്.
ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎല്‍ആര്‍) അവസാനിപ്പിക്കുമെന്നാണ് നിഗല്‍ ഫരാഗ് ഡെയ്‌ലി മെയിലില്‍ എഴുതിയ ലേഖനത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ യുകെയില്‍ താമസിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കും, പൗരത്വം നേടാന്‍ യോഗ്യതയും നല്‍കുന്നതാണ് ഐഎല്‍ആര്‍.
റിഫോം യുകെ കണക്കുകള്‍ പ്രകാരം മഹാമാരിക്ക് ശേഷം യുകെയിലെത്തിയ 3.8 മില്ല്യണ്‍ കുടിയേറ്റക്കാര്‍ക്ക് 2026 മുതല്‍ 2030 വരെ ഐഎല്‍ആറിനുള്ള യോഗ്യതയുണ്ട്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും ആജീവനാന്തം ആനുകൂല്യങ്ങള്‍ നേടുകയോ, കുറഞ്ഞ സ്‌കില്‍ ആവശ്യമുള്ള ജോലികള്‍ ചെയ്യുകയും, ഡിപ്പന്‍ഡന്റ്‌സിനെ ഒപ്പം കൂട്ടുകയും ചെയ്യുമെന്നാണ് ഇവരുടെ വാദം.
ഇവരെ യുകെയില്‍ തുടരാന്‍ അനുവദിക്കാതിരിക്കുന്നത് വഴി 234 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാമെന്ന് ഫരാഗ് വാദിക്കുന്നു. പുതിയ ഐഎല്‍ആര്‍ അനുവദിക്കില്ലെന്ന് മാത്രമല്ല റിഫോം നേതാവ് ഉയര്‍ത്തുന്ന ഭീഷണി, മറിച്ച് സെറ്റില്‍മെന്റ് ലഭിച്ചവരുടെ ഈ പദവി റദ്ദാക്കുമെന്നും ഫരാഗ് നിര്‍ദ്ദേശിക്കുന്നു. ഇതിന് അഞ്ച് വര്‍ഷം കൂടുമ്പോള്‍ പുതുക്കാന്‍ കഴിയുന്ന അഞ്ച് വര്‍ഷത്തെ വിസയ്ക്ക് അപേക്ഷിക്കാനും, ഇംഗ്ലീഷ് പ്രാവീണ്യവും, ഉയര്‍ന്ന ശമ്പളവും തെളിയിക്കാനും, ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണവും നേരിടണമെന്നാണ് പദ്ധതി.