ജൂത പുതുവര്‍ഷ ദിനത്തില്‍ ജൂതസമൂഹത്തിന് സമാധാനവും, ആരോഗ്യവും, മാധുര്യവും നേര്‍ന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഈ ആശംസയെന്നതാണ് വൈരുദ്ധ്യം. യുകെയുടെ പ്രഖ്യാപനം ഹമാസ് ആഘോഷമാക്കുമ്പോഴാണ് ജൂത പുതുവര്‍ഷമായ റോഷ് ഹഷാനാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പോസ്റ്റ്.
എന്നാല്‍ ആശംസയ്ക്ക് പതിവ് പോലെ സന്തോഷകരമായ പ്രതികരണമല്ല ഉയര്‍ന്നത്. ഇസ്രയേലികളും, ബ്രിട്ടീഷുകാരും ഒരു പോലെ സ്റ്റാര്‍മറുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. തീവ്രവാദികള്‍ക്ക് സമ്മാനം നല്‍കിയ ശേഷം ഇത്തരമൊരു ആശംസ നല്‍കുന്നതിനേക്കാള്‍ ഒന്നും പറയാതിരിക്കുന്നതായിരുന്നു ദയവെന്നാണ് ഒരാള്‍ കുറിച്ചത്.
ഹമാസിന്റെ ടണലുകളില്‍ ബന്ദികളെ പിടിച്ചുവെച്ചിരിക്കുമ്പോള്‍ പുതുവര്‍ഷത്തില്‍ മാധുര്യമില്ലെന്ന് ഇരകളില്‍ ഒരാളുടെ ബന്ധു വ്യക്തമാക്കി. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് വേട്ടക്കാര്‍ക്ക് സമ്മാനം നല്‍കുകയും, ഈ അവധിക്കാലം കൈയ്‌പ്പേറിയതായി മാറ്റുകയും ചെയ്തു, അവര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിന് കാരണം പറഞ്ഞ് ഇസ്രയേല്‍ മാധ്യമത്തില്‍ സ്റ്റാര്‍മര്‍ ലേഖനം എഴുതിയത് കൂടുതല്‍ വിമര്‍ശനത്തിന് ഇടയാക്കി.
പലസ്തീന്‍ രാജ്യം ഉണ്ടാകുന്നത് ഇസ്രയേലിന് ഭീഷണിയാകാതെ യുകെയും സഖ്യകക്ഷികളും ഉറപ്പാക്കുമെന്നാണ് സ്റ്റാര്‍മര്‍ ക്ലാസെടുത്തത്. ഇതിനിടെ യുകെയുടെ അംഗീകാരത്തിന് പിന്നാലെ ലണ്ടനില്‍ പലസ്തീന്‍ എംബസി തുറന്നു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റീംഗും, ലേബര്‍ എംപിമാരും സാക്ഷികളായി എംബസിയില്‍ പലസ്തീന്‍ പതാക ഉയര്‍ത്തി.