ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ ഇഡി നടത്തിയ റെയ്ഡ് നടത്തിയതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഭൂട്ടാന്‍ വാഹനക്കടത്തില്‍ രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയം. കേന്ദ്രമന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പാലക്കാട് മലമ്പുഴയില്‍ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പ്രജാ വിവാദവും സ്വര്‍ണ്ണ ചര്‍ച്ച മുക്കാന്‍ വേണ്ടിയാണ്. എല്ലാം കുല്‍സിതമെന്നും സുരേഷ്ഗോപി പറഞ്ഞു. ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്നും ശബരിമലയില്‍ നടന്നതിനു വലിയ ശിക്ഷ ഏറ്റു വാങ്ങേണ്ടിവരുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ചെമ്പ് സ്വര്‍ണ രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതന്നും സുരേഷ് ഗോപി പരിഹസിച്ചു.
അയ്യപ്പന്‍ മനുഷ്യന്‍ കൂടിയാണ്. തന്റെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നത്. ഈശ്വരന്റെ ഓഡിറ്റ് ബുക്കില്‍ മാത്രമാണ് തന്റെ തെറ്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം ഇഡി റെയ്ഡ് എങ്ങനെയാണ് കേരള സര്‍ക്കാരുമായും കേരള പോലീസുമായും ബന്ധപ്പെട്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞതില്‍ വ്യക്തതയില്ല.