അസം ബിജെപിയില്‍ കൂട്ട രാജി. ബിജെപി നേതാവും മുന്‍ കേന്ദ്രസഹമന്ത്രിയുമായ രാജന്‍ ഗൊഹെയ്ന്‍ ഉള്‍പ്പെടെ 17 പേര്‍ പാര്‍ട്ടിവിട്ടു. ഇന്നലെയാണ് മുതിര്‍ന്ന ബിജെപി നേതാവടക്കമുള്ളവര്‍ രാജി വെച്ചത്. സര്‍ക്കാരിന് ജനങ്ങളോട് ബഹുമാനമില്ലെന്നാണ് ഗൊഹെയ്ന്‍ ആരോപിക്കുന്നത്.അസം ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബംഗ്‌ളാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാന്‍ അനുവദിച്ച് തദ്ദേശീയരെ വഞ്ചിച്ചെന്നും രാജിക്കത്തില്‍ ഗൊഹെയ്ന്‍ ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന നേതാക്കളടക്കം കൂട്ട രാജി വെച്ചത് സംസ്ഥാന നേതൃത്വത്തിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. 1999 മുതല്‍ 2019 വരെ നാലുതവണ നാഗോണ്‍ നിയോജകമണ്ഡലത്തില്‍ നിന്ന് നാല് തവണ ലോക്‌സഭയിലേക്ക് ഗൊഹെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016 മുതല്‍ 2019 വരെ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
'പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകരില്‍ വിശ്വാസം അര്‍പ്പിക്കുകയും ബഹുമാനം കാണിക്കുകയും ചെയ്ത സമയമായിരുന്നു മുമ്പുണ്ടായിരുന്നത്. ഇപ്പോള്‍ നേതൃത്വം മാറി, നമ്മളെപ്പോലുള്ളവരോടുള്ള പാര്‍ട്ടിയുടെ മനോഭാവവും മാറി'- ബിജെപി അധ്യക്ഷന്‍ ദിലീപ് സൈകിയക്ക് രാജി നല്‍കിയ ശേഷം ഗൊഹെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു.