വിശാലിനെ നായകനാക്കി ലിംഗുസാമി ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് സണ്ടക്കോഴി. വിശാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമ ആയിരുന്നു അത്. ബോക്‌സ് ഓഫീസിലും സിനിമ വമ്പന്‍ വിജയമായിരുന്നു. ചിത്രം ആദ്യം വിജയ്ക്ക് വേണ്ടി ആയിരുന്നു എഴുതിയതെന്നും താന്‍ സംവിധായകന്‍ ലിംഗുസാമിയോട് ചോദിച്ചു വാങ്ങിയ കഥാപാത്രമായിരുന്നു അതെന്നും മനസുതുറക്കുകയാണ് വിശാല്‍.
'സണ്ടക്കോഴി ആദ്യം വിജയ്യെ മനസ്സില്‍ വെച്ചായിരുന്നു ലിംഗുസാമി എഴുതിയത്. ഈ വിവരം ചില നിര്‍മാതാക്കള്‍ വഴി ഞാന്‍ അറിഞ്ഞു. നേരെ ഞാന്‍ വണ്ടിയെടുത്ത് ലിംഗുസാമിയുടെ ഓഫീസിലേക്ക് പോയി ഞാന്‍ ചെയ്യാം എന്ന് പറഞ്ഞു. മാസ് ഹീറോക്ക് വേണ്ടിയാണ് ഞാന്‍ എഴുതിയത് ഇത് നിനക്ക് എങ്ങനെ ചേരും എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അപ്പോള്‍ എന്റെ ആദ്യത്തെ സിനിമ ചെല്ലമെ ഉടന്‍ റിലീസാകും അത് കണ്ടിട്ട് തീരുമാനിക്കാന്‍ ഞാന്‍ പറഞ്ഞു. ആദ്യത്തെ സിനിമ കഴിഞ്ഞ് എന്തിനാണ് ഞാന്‍ എത്രയും ഗ്യാപ് എടുക്കുന്നതെന്ന് ഒരുപാട് പേര്‍ എന്നോട് ചോദിച്ചു. പക്ഷെ ആ സിനിമ എനിക്ക് പത്ത് സിനിമ ചെയ്യുന്നതിന് തുല്യമായിരുന്നു. ഒടുവില്‍ സിനിമ പുറത്തിറങ്ങിയതിന് ശേഷം എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല', വിശാലിന്റെ വാക്കുകള്‍.
വിശാലിനെ ആക്ഷന്‍ ഹീറോയാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ച സിനിമ ആണ് സണ്ടക്കോഴി.