പ്രിയ സംവിധായകനും നടനുമായ ബേസില്‍ ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയില്‍ വലിയ രീതിയതില്‍ ചര്‍ച്ചചെയ്യപ്പെട്ട സിനിമയായിരുന്നു രണ്‍വീര്‍ സിങ് നായകനായി എത്തുന്ന 'ശക്തിമാന്‍'. എന്നാല്‍ ആ സിനിമയ്ക്ക് വേണ്ടി ബേസില്‍ ജോസഫ് കളഞ്ഞത് രണ്ട് വര്‍ഷമാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്.
'വെറും രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇത്രയധികം വൈവിധ്യമുള്ള വേഷങ്ങള്‍ ചെയ്ത ബേസിലിനോട്, ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് ഞാന്‍ ചോദിച്ചത്. ശക്തിമാന് വേണ്ടി ജീവിതത്തിലെ രണ്ടുവര്‍ഷം പാഴായെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഈ ഇന്‍ഡസ്ട്രിയില്‍ നിങ്ങള്‍ എങ്ങനെയാണ് പിടിച്ചുനിന്നത് എന്നും ബേസില്‍ എന്നോട് ചോദിച്ചു. എനിക്ക് തോന്നിയ അതേ കാര്യമാണ് ബേസിലും പറഞ്ഞത്. എനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാന്‍ മാറിനിന്നത് എന്ന് ഞാന്‍ മറുപടി നല്‍കി. ആ മനുഷ്യന്‍ രണ്ടുവര്‍ഷം പാഴാക്കി.' അനുരാഗ് കശ്യപ് പറഞ്ഞു.
മലയാളത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ഗംഭീര വിജയത്തിന് ശേഷമായിരുന്നു ബേസില്‍ ജോസഫ് രണ്‍വീര്‍ സിങ്ങിനെ നായകനാക്കി മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രമായ ശക്തിമാന്‍ സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്.