
















ബജറ്റില്‍ ശിക്ഷിക്കാന്‍ പര്യാപ്തമായ തോതില്‍ നികുതി വര്‍ദ്ധനവുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത നിലയില്‍. 50 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി അഭിമുഖീകരിക്കുന്നതായി വ്യക്തമായതോടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നിലുള്ളത് ഹിമാലയന്‍ ദൗത്യമാണ്. ലേബര്‍ പ്രകടനപത്രിക സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത ഇന്‍കംടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവയിലേതെങ്കിലും വര്‍ദ്ധിക്കുമെന്ന് ഇപ്പോള്‍ ഉറപ്പായി.
യുകെ ഉത്പാദനക്ഷമത സംബന്ധിച്ച് സാമ്പത്തിക നിരീക്ഷകരായ ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രതീക്ഷിച്ചതിലും മോശം പ്രവചനങ്ങള്‍ നടത്തിയതോടെയാണ് റീവ്‌സിന് ആഘാതമായത്. അടുത്ത മാസം ബജറ്റ് അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് ഈ പ്രവചനങ്ങള്‍. 
ആദ്യ ബജറ്റില്‍ 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധിപ്പിച്ച ചാന്‍സലര്‍ ഇനി കുടുംബങ്ങളെയും, ബിസിനസ്സുകളെയും വേട്ടയാടാന്‍ വരില്ലെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിലവിലെ ദുഃസ്ഥിതി മുന്‍പ് പ്രതീക്ഷിച്ചതിലും മോശമായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. കടമെടുപ്പും, കടവും കുറയ്ക്കാനുള്ള ശ്രമത്തിനൊപ്പം ചെലവിനുള്ള പണം കൂടി കണ്ടെത്തുമ്പോള്‍ 50 ബില്ല്യണ്‍ പൗണ്ട് വരെ നികുതി വര്‍ദ്ധനവും, ചെലവ് ചുരുക്കലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്‍കം ടാക്‌സിന്റെ ബേസിക് നിരക്കിലോ, ഉയര്‍ന്ന നിരക്കിലോ 2 പെന്‍സ് വര്‍ദ്ധന ചേര്‍ക്കുകയോ, 2023-24 വര്‍ഷത്തെ എന്‍ഐസികള്‍ വെട്ടിക്കുറച്ചത് പിന്‍വലിക്കുകയോ ചെയ്താല്‍ 20 ബില്ല്യണ്‍ പൗണ്ട് അനായാസം കണ്ടെത്താമെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം വാഗ്ദാന ലംഘനം നടത്തുന്നതിന് രാഷ്ട്രീയമായി വില നല്‍കേണ്ടി വരുമെന്നും റീവ്‌സിന് മുന്നറിയിപ്പുണ്ട്.