
















ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ഷോക്കടിപ്പിച്ച് ബില്ലുകള്‍ വര്‍ദ്ധിക്കുന്നത് തുടരുകയാണ്. ഇതിലും ലാഭം മോര്‍ട്ട്‌ഗേജ് എടുത്ത് സ്വന്തമായി ഒരു വീട് വാങ്ങുന്നതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് വാടക നിരക്കുകളുടെ മുന്നേറ്റം. വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് ഉയരം കീഴടക്കിയെന്നാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.
ലണ്ടനില്‍ വാടകയ്ക്ക് നല്‍കാനായി പരസ്യപ്പെടുത്തിയ വീടുകളുടെ ശരാശരി നിരക്ക് 2736 പൗണ്ടാണ്. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.6 ശതമാനമാണ് വര്‍ദ്ധന.
ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് ശരാശരി 1385 പൗണ്ടാണ് വാടക. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും 3.1 ശതമാനമാണ് വര്‍ദ്ധനവെന്ന് റൈറ്റ്മൂവിന്റെ റെന്റല്‍ ട്രെന്‍ഡ്‌സ് ട്രാക്കര്‍ പറയുന്നു. 2020ന് ശേഷം ഏറ്റവും കുറഞ്ഞ വാര്‍ഷിക വര്‍ദ്ധനവ് കൂടിയാണ് ഇത്.
അതേസമയം ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ ലണ്ടന് പുറത്തുള്ള വീടുകളുടെ വാടക 20 പൗണ്ടിലേറെ വര്‍ദ്ധിച്ചിട്ടുള്ളതിനാല്‍ താമസക്കാര്‍ക്ക് ഇതിന്റെ ആഘാതം അനുഭവപ്പെടുന്നുണ്ട്. വരുമാനത്തിന്റെ 44 ശതമാനം വരെയാണ് ശരാശരി വാടകയ്ക്കായി ചെലവ് വരുന്നതെന്നതും ഞെട്ടിക്കുന്ന ഘടകമാണ്. അഞ്ച് വര്‍ഷം മുന്‍പ് 40 ശതമാനം വരെ ചെലവ് വന്നിരുന്നു.
താങ്ങാന്‍ കഴിയുന്ന താമസസ്ഥലങ്ങളുടെ എണ്ണം കുറയുന്നത് വാടകക്കാര്‍ക്ക് കനത്ത സമ്മര്‍ദമാണ് സൃഷ്ടിക്കുന്നതെന്ന് റൈറ്റ്മൂവ് പറയുന്നു. വാടക ചെലവുകള്‍ നിയന്ത്രണം വിട്ട അവസ്ഥയിലാണെന്ന് റെന്റേഴ്‌സ് റിഫോം കൊളീഷന്‍ ഡയറക്ടര്‍ ടോം ഡാര്‍ലിംഗ് പറഞ്ഞു. 25 ശതമാനത്തോളം വാടകക്കാര്‍ ഉയര്‍ന്ന വാടക മൂലം അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണെന്നും ഇവര്‍ ആരോപിച്ചു.