
















വെസ്റ്റ് മിഡ്‌ലാന്‍ഡില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്. 20-കളില്‍ പ്രായമുള്ള സ്ത്രീക്ക് നേരെ നടന്ന അതിക്രമം വംശീയമായ അക്രമമാണെന്ന് പോലീസ് സ്ഥിരീകരിച്ചു വംശീയമായി കണ്ടുകൊണ്ടുള്ള അക്രമമാണ് നടന്നതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് വ്യക്തമാക്കി.
'ഒരു പ്രായം കുറഞ്ഞ സ്ത്രീക്ക് നേരെ നടന്ന ഭീതിജനകമായ അക്രമമാണ് ഇത്. ഉത്തരവാദിയായ വ്യക്തിയെ കണ്ടെത്താനുള്ള തെരച്ചിലിലാണ്', അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സീനിയര്‍ പോലീസ് ഓഫീസര്‍ റോണാന്‍ ടൈറര്‍ പറഞ്ഞു.
ഒരു സ്ത്രീ തെരുവില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിലയില്‍ ഇരിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചാണ് പോലീസ് സ്ഥലത്ത് എത്തിയത് വാല്‍സാളിലെ പാര്‍ക്ക് ഹില്‍ മേഖലയില്‍ റോഡിന് നടുക്ക് ഇരുന്ന സ്ത്രീക്ക് നേരെ അതിക്രമം നടന്നതായി അപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിയാമെന്ന പ്രതീക്ഷയോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടു. പ്രതിയെ കണ്ടെത്താന്‍ പ്രദേശവാസികളുടെയും സഹായം തേടി. 'അക്രമിയെ തിരിച്ചറിയാനും, കണ്ടെത്താനും ഓഫീസര്‍മാരുടെ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. എത്രയും വേഗം ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംശയാസ്പദമായി ആരെയെങ്കിലും കണ്ടാല്‍ ബന്ധപ്പെടണം', ടൈറര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തെ അപലപിച്ച് കവന്‍ട്രി സൗത്ത് എംപി സാറാ സുല്‍ത്താന രംഗത്തെത്തി. ശനിയാഴ്ചയാണ് പഞ്ചാബി വംശജയായ സ്ത്രീ അക്രമിക്കപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ മാസം ഓള്‍ഡ്ബറിയിലും സിഖ് സ്ത്രീ ബലാത്സംഗത്തിന് ഇരയായി. ഒരു സ്ത്രീയുടെ നിറം നോക്കി ഇത്തരം അക്രമം നടക്കുന്നുവെന്നത് ഭയപ്പെടുത്തുന്നു. ഈ വംശവെറിക്കും, ഫാസിസത്തിനും, സ്ത്രീ വിരുദ്ധതയ്ക്കും എതിരെ ഒരുമിക്കണം, സാറാ സുല്‍ത്താന ആവശ്യപ്പെട്ടു.