
















യുകെയില്‍ നഴ്സുമാര്‍ക്കെതിരെ വംശീയ അതിക്രമങ്ങള്‍ കുത്തനെ ഉയരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മൂന്ന് വര്‍ഷത്തിനിടെ നഴ്സുമാര്‍ നേരിട്ടിട്ടുള്ള വംശീയ പീഡന പരാതികള്‍ 55 ശതമാനം വര്‍ധിച്ചതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍.സി.എന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു. ഈ വര്‍ഷം മാത്രം ആയിരത്തിലധികം നഴ്സുമാര്‍ വംശീയതയെ തുടര്‍ന്ന് സഹായത്തിനായി യൂണിയനുമായി ബന്ധപ്പെട്ടിട്ടുന്നാണ് കണക്ക്. 2022-ല്‍ ഇതേ കാലയളവില്‍ 700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍ ആരോഗ്യരംഗത്തെ ഗുരുതരമായ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്നു. ചില നഴ്സുമാര്‍ക്ക് അവധി നിഷേധിച്ച് മാനേജര്‍മാരും, മോശം പരാമര്‍ശങ്ങളുമായി സഹപ്രവര്‍ത്തകരും നടത്തുന്ന ഒട്ടേറെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആണ് റിപ്പോര്‍ട്ടില്‍ ഉള്ളത് . രോഗികളും കുടുംബാംഗങ്ങളും നടത്തുന്ന മോശം പരാമര്‍ശം എല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
'ആരോഗ്യസംവിധാനത്തിന്റെ ലജ്ജാകരമായ അവസ്ഥ' എന്നാണ് ആര്‍.സി.എന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ ഇതിനെ വിലയിരുത്തിയത് . തൊഴിലിടങ്ങളില്‍ വംശീയതയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് തൊഴില്‍ ദാതാക്കളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും അവര്‍ പറഞ്ഞു.
എല്ലാ ജാതിയിലും മതത്തിലും പെട്ട നഴ്സിംഗ് സ്റ്റാഫാണ് ആരോഗ്യരംഗം നിലനില്‍ക്കാന്‍ കാരണമെന്നും കുടിയേറ്റ വിരുദ്ധ പ്രസ്താവനകള്‍ വംശീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതും പ്രൊഫസര്‍ ഓര്‍മ്മിപ്പിക്കുന്നു.