
















ബ്രിട്ടന്റെ ഭവനവിപണിക്ക് വരും ദിനങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. അതിന് വ്യക്തമായ കാരണമായി റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് മാറുകയും ചെയ്യുമെന്നാണ് ആശങ്ക. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഹൗസിംഗ് വിപണിക്ക് പാരയായി മാറുന്നത്. പ്രത്യേകിച്ച് കടം വര്‍ദ്ധിക്കുന്നതും, സ്റ്റോക്ക് മാര്‍ക്കറ്റ് തകരാനുള്ള സാധ്യതയും വിപണി ആശങ്കയോടെ നോക്കിക്കാണുന്നു.
ഈ ആശങ്കകള്‍ സത്യമായി മാറിയാല്‍ ബ്രിട്ടനിലെ ഭവനഉടമകള്‍ക്കും, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ആഘാതമായി മാറും. ഗവണ്‍മെന്റിന് കടമെടുപ്പ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാത്ത നിലയിലാണ്. ഇത് ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടമാകാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ ഗവണ്‍മെന്റ് നല്‍കുന്ന പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയിലാണ്.
പത്ത് വര്‍ഷത്തെ ഗില്‍റ്റിന് 4.4 ശതമാനം പലിശയാണ് ഗവണ്‍മെന്റ് നല്‍കുന്നത്. നിക്ഷേപകരുടെ ആശങ്ക തുടര്‍ന്നാല്‍ ഈ പലിശ വീണ്ടും ഉയരും. ഇത് മോര്‍ട്ട്‌ഗേജ് നിരക്കുകളും ഉയരുന്നതിലാണ് കലാശിക്കുക. 2022 സെപ്റ്റംബറില്‍ ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷവും ഇതാണ് സംഭവിച്ചത്. നിലവില്‍ ലേബര്‍ ഗവണ്‍മെന്റിന് കീഴിവും ഗില്‍റ്റ് മാര്‍ക്കറ്റില്‍ ആശങ്ക പടരുന്നുണ്ട്.
ബജറ്റിന് ശേഷം ഗില്‍റ്റ് നിരക്ക് ഉയര്‍ന്നാല്‍ ഇത് മോര്‍ട്ട്‌ഗേജ് നിരക്കുകളെയും സ്വാധീനിക്കും. ഇതിനിടെ ഭവനഉടമകള്‍ക്ക് മേല്‍ പുതിയ മാന്‍ഷന്‍ ടാക്‌സ് ചുമത്തുമെന്ന വാര്‍ത്തകള്‍ സത്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് തയ്യാറായില്ല. ഇതോടെ വര്‍ദ്ധിച്ച മൂല്യമുള്ള വീടുകള്‍ ഉപേക്ഷിച്ച് ആളുകള്‍ രാജ്യം വിടുമെന്നാണ് എസ്റ്റേറ്റ് ഏജന്റുമാര്‍ നല്‍കുന്ന മുന്നറിയിപ്പ്.