
















രാജ്യത്ത് അഹിന്ദുക്കള്‍ ഇല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതം ഉണ്ടാകാന്‍ ഉത്തരവാദികള്‍ ഹിന്ദുക്കളാണ്. ഹിന്ദു എന്ന വാക്കാണ് നമ്മെ നയിക്കുന്നതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അധികാരത്തിനുവേണ്ടിയല്ല, രാഷ്ട്രത്തിന്റെ മഹത്വത്തിനായി ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ 'അഹിന്ദു' ഇല്ല. എല്ലാവരും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളാണ്. രാജ്യത്തിന്റെ കാതലായ സംസ്‌കാരം ഹിന്ദുവാണ്', അദ്ദേഹം പറഞ്ഞു.
'ബ്രിട്ടീഷുകാരല്ല നമുക്ക് ദേശീയത നല്‍കിയത്. നമ്മള്‍ ഒരു പുരാതന രാഷ്ട്രമാണ്. ഓരോ രാജ്യത്തിനും അതിന്റേതായ സംസ്‌കാരമുണ്ടെന്ന് ആളുകള്‍ സമ്മതിക്കുന്നുണ്ട്. ഭാരതത്തിന്റെ കാതലായ സംസ്‌കാരം എന്താണ്? അതിന് നമ്മള്‍ എന്തൊക്കെ വിവരണം നല്‍കിയാലും, അത് നമ്മെ ഹിന്ദു എന്ന വാക്കിലേക്ക് നയിക്കുന്നു,' അദ്ദേഹം പറഞ്ഞു.
അറിഞ്ഞോ അറിയാതെയോ എല്ലാവരും ഭാരതീയ സംസ്‌കാരം പിന്തുടരുകയാണ്. അതിനാല്‍ ആരും അഹിന്ദു അല്ല. ഓരോ ഹിന്ദുവും താന്‍ ഒരു ഹിന്ദുവാണെന്ന് തിരിച്ചറിയണം. കാരണം ഹിന്ദുവായിരിക്കുക എന്നാല്‍ ഭാരതത്തിനുവേണ്ടി ഉത്തരവാദിത്തപ്പെട്ടവരാവുക എന്നാണ്', അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ പാത എളുപ്പമുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയ മോഹന്‍ ഭഗവത് 60-70 വര്‍ഷത്തോളമായി സംഘടന കടുത്ത എതിര്‍പ്പുകള്‍ നേരിടുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസില്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നുണ്ടെന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു. 'നമുക്കിപ്പോള്‍ വിശ്വാസ്യതയുണ്ട്. എല്ലാവരും നമ്മളെ സ്നേഹിക്കുകയും സഹായിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. ആര്‍എസ്എസ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തുനിന്ന് ഒരു പൈസ പോലും വാങ്ങിയിട്ടില്ല', മോഹന്‍ ഭാഗവത് വ്യക്തമാക്കി.