
















                    
കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പ്രതികള്‍ പിടിയില്‍. ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാര്‍ത്തിക്ക് എന്നിവരാണ് പിടിയിലായത്. ഇതില്‍ സതീഷും കാര്‍ത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ കാലില്‍ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റ പ്രതികളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചതാണെന്നാണ് പോലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോണ്‍സ്റ്റബിളും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയിലാണ് എംബിഎ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ഒരു സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം തന്റെ ആണ്‍സുഹൃത്തിനൊപ്പം കാറില്‍ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ കാറിന്റെ ജനല്‍ കല്ലുകൊണ്ടു തല്ലിത്തകര്‍ത്ത ശേഷം യുവാവിനെ വാള്‍ കൊണ്ടു വെട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് ബോധംമറയും മുന്‍പ് പോലീസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നും പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയെ പ്രതികള്‍ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ് അറിയിച്ചു. 7 പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പ്രതികള്‍ക്കായി പോലീസ് അന്വേഷണം. സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് 3 പ്രതികള്‍ പിടിയിലാകുന്നത്. അതിജീവിത ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.