
















ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷാ വീഴ്ച. ഐഎസ് റിക്രൂട്ടര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെയും ടെലിവിഷന്‍ കാണുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ വൈറലായതിനുപിന്നാലെ സംഭവത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു.
ഐഎസ് റിക്രൂട്ടറെന്ന് ആരോപിക്കപ്പെടുന്ന സുഹൈബ് ഹമീദ് ഷക്കീല്‍ മാന്ന ഫോണില്‍ സംസാരിക്കുന്നതും ചായ കുടിക്കുന്നതും ഒരു വീഡിയോയില്‍ കാണാം. കൂടാതെ അടുത്തായി ഒരു ടിവിയോ റേഡിയോയോ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഖുര്‍ആന്‍ സര്‍ക്കിള്‍ ഗ്രൂപ്പ് വഴി മുസ്ലീം യുവാക്കളെ മൗലികവല്‍ക്കരിച്ച് സിറിയയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയാണ് സുഹൈബ്. സിറിയയിലെ അതിക്രമങ്ങള്‍ ചിത്രീകരിക്കുന്ന വീഡിയോകള്‍ കാണിച്ചാണ് ഇയാള്‍ യുവാക്കളെ ആകര്‍ഷിച്ചതെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
ബലാത്സംഗ-കൊലപാതക കേസുകളില്‍ പ്രതിയായ ഉമേഷ് റെഡ്ഢി രണ്ട് ആന്‍ഡ്രോയിഡ് ഫോണുകളും ഒരു കീപാഡ് മൊബൈലും ഉപയോഗിക്കുന്നതിന്റെ മറ്റൊരു ക്ലിപ്പും പുറത്തുവന്നു. ഇയാള്‍ തന്റെ ബാരക്കില്‍ ടിവി കാണുന്നുണ്ട്. 18-ഓളം കേസുകളില്‍ പ്രതിയായ റെഡ്ഢിയുടെ വധശിക്ഷ സുപ്രീം കോടതി 2022-ല്‍ ഇളവുകളില്ലാത്ത 30 വര്‍ഷത്തെ തടവായി കുറച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ തരുണ്‍ രാജു ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ഭക്ഷണം പാചകം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നു. ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായ രണ്യ റാവുവിന് സ്വര്‍ണം എത്തിച്ച സ്വര്‍ണക്കടത്ത് ശൃംഖലയുടെ സൂത്രധാരനാണ് ജനീവയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ തരുണ്‍.
സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനല്‍കി. ജയില്‍ ഡയറക്ടര്‍ ജനറലിന്റെ ഉത്തരവനുസരിച്ച് എഡിജിപിപി.വി. ആനന്ദ് റെഡ്ഡി ജയിലില്‍ നേരിട്ടെത്തി പരിശോധന നടത്തി. തടവുകാരെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിട്ടുണ്ട്. 2023-ലെയും 2025-ലെയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. മൊബൈല്‍ ഫോണുകള്‍ എങ്ങനെ ജയിലിനുള്ളില്‍ എത്തി, ആരാണ് നല്‍കിയത്, ദൃശ്യങ്ങള്‍ എപ്പോഴാണ് റെക്കോര്‍ഡ് ചെയ്തത്, ആരാണ് ഇവ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സെന്‍ട്രല്‍ ജയില്‍ ചീഫ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.