
















തീവ്രവാദ സംഘടനയായ ഐഎസുമായി ചേര്‍ന്ന് ഇന്ത്യയിലാകെ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട മൂന്നു പേര്‍ ഗുജറാത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായി. ഡോ. അഹമ്മദ് മുഹിയുദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹെല്‍, ആസാദ് എന്നിവരാണ് പിടിയിലായത്.
ഒരു വര്‍ഷമായി മൂവരും തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്നും എടിഎസ് പറഞ്ഞു. ഗുജറാത്തിലേക്ക് ആയുധങ്ങള്‍ കൈമാറ്റം ചെയ്യാനാണ് പിടിയിലായവര്‍ വന്നതെന്ന് എടിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടു. അറസ്റ്റിലായ മൂന്ന് പ്രതികളും രണ്ട് വ്യത്യസ്ത സംഘങ്ങളുമായി ബന്ധപ്പെട്ടവരാണ്. ഇവര്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് എടിഎസ് വ്യക്തമാക്കി.