CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 59 Seconds Ago
Breaking Now

മൂന്നാമത് ബ്രിസ്റ്റോൾ ബൈബിൾ കലോത്സവം- ഒക്ടോബർ 26 ന്. മുന്നൊരുക്കങ്ങൾ പൂർത്തിയാകുന്നു

"സർവ്വ ജീവജാലങ്ങളും കർത്താവിനെ സ്തുതിക്കട്ടെ. തപ്പുകൊട്ടിയും, നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിൻ. തന്ത്രികളും, കുഴലുകളും കൊണ്ട് അവിടുത്തെ സ്തുതിക്കുവിൻ." (സങ്കീർത്തനങ്ങൾ : 150)

കലോത്സവങ്ങളുടെ കലോത്സവമാകാൻ, സ്രഷ്ടാവിനു സ്തുതി പാടുന്ന സൃഷ്ടി ലോകത്തിലെ സാമ്രാട്ടുകളാവാൻ, ബ്രിസ്റ്റോൾ ബൈബിൾ കലോത്സവം മൂന്നാമതും വേദിയൊരുങ്ങുന്നു.    

"സുവിശേഷ പ്രഘോഷണം കലാരൂപങ്ങളിലൂടെ" എന്ന ഉദാത്തമായ ആശയം കലോത്സവത്തിന്റെ രംഗ വേദികളിൽ സാക്ഷാത്ക്കരിക്കപ്പെടുമ്പോൾ, രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഉപമകളിലൂടെയും, കഥകളിലൂടെയും രക്ഷാകരസന്ദേശം ലോകത്തെ അറിയിച്ച യേശുനാഥന്റെ കാല്പാടുകൾ പിഞ്ചെന്നുകൊണ്ട് , അപ്പൊസ്തോലർക്കു യേശു ഭാരമേല്പിച്ച പ്രേഷിത ദൗത്യത്തിന്റെ പങ്കാളികളാവുകയാണ് നാമും എന്ന ഉറച്ച ബോധ്യത്തിലാണ് ബ്രിസ്റ്റൾ സമൂഹം. ഒപ്പം ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങലിലുള്ള യുവതലമുറയിലെ കലാസാഹിത്യപ്രതിഭകളെ കണ്ടെത്താനും, ഒന്നിച്ചുകൊണ്ടുവരാനും ശ്രമിക്കുകയും, അവർക്കായി ആരോഗ്യകരമായ മത്സരവും, പ്രോത്സാഹനവും, അഭിനന്ദവും ഒത്തിണങ്ങുന്ന വേദിയൊരുക്കുകയുമെന്ന ഗൗരവമേറിയ ദൗത്യവും ഈ കലോത്സവത്തിന്റെ ഉത്തരവാദിത്വമാണ്. സീറോ മലബാർ നസ്രാണികൾ തങ്ങളുടെ പാരമ്പര്യകഥകൾ തലമുറകളിലൂടെ കൈമാറി നല്കാനുപയോഗിച്ചിരുന്ന മാധ്യമരൂപങ്ങളായ മാർഗ്ഗം കളി, പരിചമുട്ട് തുടങ്ങിയവ കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നത്തിനൊപ്പം ആസ്വദിച്ച് അവതരിപ്പിക്കാൻ യുവതലമുറയ്ക്ക് അവസരമോരുക്കുകയെന്നതും ഈ ബൈബിൾ കലോത്സവത്തിന്റെ ദൗത്യങ്ങളിൽ മുഖ്യമാവുന്നു. പാശ്ചാത്യകലകൾ പരിചയിച്ചു വളരുന്ന പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത വ്യത്യസ്ത നൃത്തരൂപങ്ങളും, മോണോ ആക്ട്, ബൈബിൾ ടാബ്ലോ തുടങ്ങിയ കലാരൂപങ്ങളും യുവജനങ്ങൾക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കാനും ബ്രിസ്റ്റൾ ബൈബിൾ കലോത്സവം വേദിയൊരുങ്ങുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങളിലും ബൈബിൾ കലോത്സവത്തിനു ലഭിച്ച അത്ഭുതപൂർവ്വമായ പ്രതികരണവും, പ്രോത്സാഹനവും അകമഴിഞ്ഞ നന്ദിയോടെ ഏറ്റുവാങ്ങിയ ബ്രിസ്റ്റോൾ സമൂഹം മൂന്നാം കലോത്സവത്തിനുള്ള ആവേശം നിറഞ്ഞ ഒരുക്കങ്ങളിലാണ്. ബ്രിസ്റ്റോൾ തലത്തിലുള്ള മത്സരങ്ങളുടെ രണ്ടു ഘട്ടങ്ങൾ മെയ്‌ 4,8 തീയതികളിൽ ഏറെ വിജയകരമായി നടത്തിക്കഴിഞ്ഞു, മൂന്നാംഘട്ടമത്സരങ്ങൾ ഒക്ടോബർ അഞ്ചിന് നടത്തപ്പെടുന്നു. കലോത്സവം കമ്മറ്റിയുടെ നേത്രുത്വത്തിൽ സംഘടിപ്പിക്കപ്പെട്ട മത്സരങ്ങളിൽ പതിനൊന്ന് ഇനങ്ങളിലായി, ബ്രിസ്റ്റളിലെ വളർന്നു വരുന്ന ഇരുനൂറോളം കൊച്ചുകലാപ്രതിഭകൾ ഉത്സാഹപൂർവ്വം പങ്കെടുത്തു. ആവേശവും, അഭിമാനവും, ആസ്വാദനവും സമൂഹത്തിനു സ്വന്തമാക്കിത്തന്ന യൂണിറ്റ് തല മത്സരങ്ങളുടെ വിജയത്തിൽ നിന്നും കൂടുതൽ പ്രചോദനമുൾക്കൊണ്ട് ഒക്ടോബർ 26 നു ദേശീയതല മത്സരങ്ങൾക്കായുള്ള ബ്രഹത്തായ ഒരുക്കങ്ങൾ കലോത്സവം കമ്മിറ്റി നടത്തി വരുന്നു. 

കഴിഞ്ഞ രണ്ടു കലോത്സവങ്ങൾക്കും വേദിയൊരുക്കിയ ഗ്രീൻവേ സെന്റർ സൗത്ത് ഈ വർഷവും കലോത്സവത്തിന് ആതിഥ്യമരുളുന്നു. ഒക്ടോബർ 26-നു രാവിലെ പത്തു മണിക്ക് തിരി തെളിയുന്ന കലോത്സവ വേദികളിൽ, ഇരുപത് വ്യത്യസ്ത ഇനങ്ങളിൽ പ്രായാടിസ്ഥാനത്തിൽ തിരിച്ചിരിക്കുന്ന അഞ്ചു ഗ്രൂപ്പുകളിലായി കുട്ടികളും, യുവ ജനങ്ങളും മത്സരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലെ എല്ലാ മത്സരങ്ങളും ഈ വർഷവും നടത്തപ്പെടുന്നുണ്ട്. 

മുതിർന്നവരുടെ ആവേശം നിറഞ്ഞ പ്രസംഗ മത്സരവും, വാശിയേറിയ ക്വിസ് പ്രോഗ്രാമും നല്കിയ പ്രചോദനമുൾക്കൊണ്ട് ഈ വർഷം മുതിർന്നവർക്കായുള്ള ഉപന്യാസ മത്സരം ഒരുക്കിയിട്ടുണ്ട്. "വിശ്വാസ ജീവിതം - പ്രവാസികളുടെ സാധ്യതകളും വെല്ലുവിളികളും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഉപന്യാസം സെപ്റ്റംബർ 30നു മുമ്പായി മെയിൽ / ഇ- മെയിൽ വഴിയായി അയച്ചു തരേണ്ടതാണ്.

വിവിധ മത്സരങ്ങളുടെ നിയമങ്ങളും, നിർദ്ദേശങ്ങളും, സമയ ക്രമവും STSMCC യുടെ വെബ്സൈറ്റ് www.syromalabarchurch ലഭ്യമാണ്. കലോത്സവത്തെ സംബന്ധിച്ച എന്തെങ്കിലും ചോദ്യങ്ങളോ, സംശയങ്ങളോ ഉണ്ടെങ്കിൽ വെബ്‌ സൈറ്റിലെ 'FAQ'സന്ദർശിക്കുകയോ bbkhelpline@yahoo.കോം എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുകയോ ചെയ്യുക. പൂർത്തിയാക്കിയ രജിസ്ട്രേഷൻ ഫോമുകൾ സെപ്റ്റംബർ 30-നു മുമ്പായി ഇതേ മെയിൽ ഐഡിയിലേക്ക് ദയവായി അയച്ചുതരണമെന്നു താത്പര്യപ്പെടുന്നു. 

യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ കത്തോലിക്കാ സമൂഹങ്ങളും ഒന്നിച്ച് അണി നിരക്കുന്നൊരു സംഗമവേദിയായി ഈ കലോത്സവം മാറട്ടെയെന്നു പ്രാർത്ഥനയോടൊപ്പം പ്രേഷിത പ്രവർത്തനവും, കലാസപര്യയും മനോഹരമായി സമന്വയിക്കുന്ന ഈ സുദിനത്തിൽ പ്രതിഭകൾ തെളിയിക്കാനും, പ്രോത്സാഹനം പങ്കുവയ്ക്കാനും ഏവരെയും സാദരം ക്ഷണിക്കുന്നതായി STSMCC മുഖ്യ പുരോഹിതനായ  റവ.ഫാ. പോൾ വെട്ടികാട്ടും, ട്രസ്റ്റി സ്റ്റാനി തുരുത്തേൽ എന്നിവർ അറിയിച്ചു. 

  

        




കൂടുതല്‍വാര്‍ത്തകള്‍.