
















സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. ഡിസംബര്‍ 24-ന് രാത്രി നാട്ടകം കോളജ് കവലയില്‍ വച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കരാജ് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ സിദ്ധാര്‍ഥിന്റെ കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് കാല്‍നടയാത്രക്കാരനായ ലോട്ടറി വില്‍പനക്കാരനെ ഇടിച്ചുതെറിപ്പിച്ചത്.
അപകടസമയത്ത് സിദ്ധാര്‍ഥ് പ്രഭു മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാര്‍ഥ് പ്രഭുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ തങ്കരാജ് മരിച്ച സാഹചര്യത്തില്‍ സിദ്ധാര്‍ഥിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. നടനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അപകടമുണ്ടാക്കിയ വാഹനം നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. 'തട്ടീം മുട്ടീം' എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് സിദ്ധാര്‍ഥ്.