
















എക്കോയെയും, പൊന്മാനെയും പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്. പൊന്മാനിലെ ബേസില്‍ ജോസഫിന്റെ പ്രകടനത്തെ പ്രശംസിച്ച അദ്ദേഹം, മലയാള സിനിമ തികച്ചും വ്യത്യസ്തമായ തലത്തിലാണ് സഞ്ചരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. എക്സില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു ദിനേശ് കാര്‍ത്തികിന്റെ പ്രതികരണം.
'അടുത്തിടെ ഞാന്‍ കണ്ട രണ്ട് മികച്ച നിലവാരമുള്ള മലയാള സിനിമകള്‍ പൊന്‍മാനും എക്കോയുമാണ്. പൊന്മാന്‍ സിനിമയില്‍ ബേസില്‍ ജോസഫിന്റെ അസാമാന്യ പ്രകടനം, ആ സിനിമയില്‍ ഉടനീളം അദ്ദേഹം ജീവിക്കുകയായിരുന്നു. സിനിമയിലെ മറ്റ് അഭിനേതാക്കളും മികച്ചതായിരുന്നു. ഛായാഗ്രഹണം, ലൊക്കേഷനുകള്‍ എന്നിവ കൊണ്ട് ദിന്‍ജിത്ത് എക്കോ എന്ന സിനിമയെ മനോഹരമാക്കി. സിനിമയുടെ കഥ മനോഹരമാണ്. എക്കോ എന്നെ അത്ഭുതപ്പെടുത്തി. മലയാള സിനിമ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലാണ് സഞ്ചരിക്കുന്നത്. മലയാളത്തില്‍ ഇത്തരം മികച്ച കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കുക, സിനിമ കാണുന്ന ലോകത്തിന് മുന്നില്‍ പുഞ്ചിരി വിടര്‍ത്തുക.' ദിനേശ് കാര്‍ത്തിക് കുറിച്ചു.