
















ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ സംഘര്‍ഷത്തെക്കുറിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പ്രതികരിച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന റമദാന്‍ ഇഫ്താര്‍ പരിപാടിയില്‍, ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ എര്‍ദോഗന്‍ അപലപിച്ചു.ഇത് അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചു. യുഎസ് നയിക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, പ്രാദേശിക സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം യുഎസിന് മുന്നറിയിപ്പ് നല്‍കി.
തങ്ങളുടെ രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാന്‍ തുര്‍ക്കി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് എര്‍ദോഗന്‍ ഊന്നിപ്പറഞ്ഞു.
'അടിയന്തര ഇടപെടല്‍ സ്വീകരിച്ചില്ലെങ്കില്‍, സംഘര്‍ഷം പ്രാദേശിക, ആഗോള സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആര്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഗുരുതരമായ ഭീഷണികള്‍ ഉയര്‍ന്നുവരും,' അങ്കാറയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി (എകെപി) ആസ്ഥാനത്ത് നടന്ന ഇഫ്താര്‍ പരിപാടിയില്‍ എര്‍ദോഗന്‍ പറഞ്ഞു.
തുര്‍ക്കി സമാധാനത്തിനായി ഉറച്ചുനില്‍ക്കുന്നുവെന്നും രക്തച്ചൊരിച്ചിലും കഷ്ടപ്പാടുകളും ഉടനടി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ തുര്‍ക്കി ആഗ്രഹിക്കുന്നുവെന്ന് എര്‍ദോഗന്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ ഉറപ്പാക്കപ്പെടുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ തുര്‍ക്കിയെ എല്ലാ തലങ്ങളിലും നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.