
















ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ദാവന്‍ഗെരെ ജില്ലയിലാണ് 30കാരനായ യുവാവ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വിവാഹത്തിന് മുന്‍കൈയെടുത്ത അദ്ദേഹത്തിന്റെ സഹോദരനും ആത്മഹത്യ ചെയ്തു. ഇരുവരുടെയും മരണത്തില്‍ യുവതിയെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ ഭര്‍ത്താവ് ഹരീഷ്(30), ഹരീഷിന്റെ സഹോദരന്‍ രുദ്രേഷ്(35) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സരസ്വതി എന്ന യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടി പോയത് എന്ന് പൊലീസ് കണ്ടെത്തി. നിലവില്‍ ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഹരീഷിന്റെയും സരസ്വതിയുടെയും വിവാഹം. ക്ഷേത്രത്തില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ ഹരീഷ് തന്റെ മരണത്തിന് ഉത്തരവാദി സരസ്വതിയാണെന്ന് എഴുതിവെച്ച് ജീവനൊടുക്കി. ഹരീഷിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ രുദ്രേഷും ജീവനൊടുക്കി.
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സരസ്വതി പൊലീസ് സ്റ്റേഷനില്‍ വരികയും ഹരീഷിനും കുടുംബത്തിനുമെതിരെ പരാതി നല്‍കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. കുടുംബം തന്നെ ഉപദ്രവിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സരസ്വതി പരാതി നല്‍കിയത്. ഹരീഷുമായുള്ള വിവാഹത്തിന് മുന്‍പ് തന്നെ സരസ്വതിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സരസ്വതിയും കാമുകനും തന്നെ ഉപദ്രവിച്ചതായി ഹരീഷ് എഴുതിയ ആത്മഹത്യ കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്. കൂടാതെ സരസ്വതിയുടെ രണ്ട് ബന്ധുക്കള്‍ക്ക് നേരെയും കുറിപ്പില്‍ ആരോപണമുന്നയിക്കുന്നുണ്ട്.