
















ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച സംഭവത്തില്‍ പൊലീസ് വീഴ്ച പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അപകടം ഉണ്ടാക്കിയ വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുക്കാന്‍ കാലതാമസം ഉണ്ടായിയെന്ന ആരോപണം അടക്കം പരിശോധിക്കും.
അപകടം നടന്ന് പതിനൊന്നര മണിക്കൂറിനു ശേഷമാണ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള രക്ത പരിശോധന നടത്തിയത്. ഇക്കാര്യത്തില്‍ അടക്കം മ്യൂസിയം പൊലീസ് മനഃപൂര്‍വം വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. എസ്എച്ച്ഒയുടെയും രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും മൊഴിയെടുക്കും.
വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം ട്രിവാര്‍ഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് ഇറങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവര്‍ തെറിച്ച് വീഴുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വാഹനം നിര്‍ത്താതെ മണിയന്‍പിള്ള രാജു സ്ഥലത്തുനിന്ന് പോയി. ഭയംകൊണ്ടായിരുന്നു വാഹനം നിര്‍ത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ പറഞ്ഞതായും മണിയന്‍പിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ഇതിന് ശേഷമായിരുന്നു വൈദ്യപരിശോധന നടന്നത്. ഇതിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ക്ലബ്ബിന്റെ പാര്‍ക്കിങ്ങില്‍ നിന്ന് മണിയന്‍പിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കള്‍ റോഡിലേക്ക് തെറിച്ചു വീഴുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഇന്‍ഡികേറ്റര്‍ ഇട്ട് പതിയെ ആണ് പ്രധാന റേഡിലേക്ക് മണിയന്‍പിള്ള രാജു വാഹനം എടുക്കുന്നത്. പിന്നാലെ ബൈക്ക് വന്ന് ഇടിക്കുകയും മണിയന്‍പിള്ള വാഹനം നിര്‍ത്താതെ എടുത്തുപോകുകയായിരുന്നു.