
















ഇറാനെതിരെ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിന് പെന്റ?ഗണ്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കിന് സമീപത്തെ ഖാര്‍ഗ് ദ്വീപും തീരപ്രദേശങ്ങളും ആക്രമിച്ച് പിടിച്ചെടുക്കാനാണ് അമേരിക്കയുടെ നീക്കം. കരയുദ്ധവുമായി ബന്ധപ്പെട്ട് റിപ്പോട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ഡോണള്‍ഡ് ട്രംപോ വൈറ്റ് ഹൗസോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാഷിംഗ്ടണ്‍ പോസ്റ്റാണ് പെന്റഗന്റെ കരയുദ്ധ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം കരസേനയെ വിന്യസിപ്പിക്കാതെ തന്നെ ഇറാനെ പരാജയപ്പെടുത്തുകയാണ് വാഷിംഗ്ടണ്‍ ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രസ്താവിച്ചിരുന്നു. വ്യോമാക്രമണങ്ങളിലൂടെ ഇറാനെ പരാജയപ്പെടുത്താനാകുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറയുന്നത്. ഇതിന്റെ ഭാഗമായി അമേരിക്ക കൂടുതല്‍ സൈന്യത്തെ സംഘര്‍ഷ ബാധിത പ്രദേശത്തേയ്ക്ക് അയച്ചിട്ടുണ്ട്. 3500 അമേരിക്കന്‍ സൈനികരെയാണ് പുതുതായി അമേരിക്ക പശ്ചിമേഷ്യയിലെ സംഘര്‍ഷ ബാധിത പ്രദേശത്തേയ്ക്ക് അയച്ചത്. എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളുമായി അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോലിയാണ് സൈനികരുമായി എത്തിയത്.
ഹോര്‍മൂസ് പിടിച്ചെടുക്കുമെന്ന പ്രതികരണങ്ങള്‍ നേരത്തെ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ഇറാന്‍ നിയന്ത്രണത്തിലുള്ള ഹോര്‍മൂസ് കടലിടുക്കിനെ ആശ്രയിച്ചാണ് ആഗോള വ്യാപാരത്തിന്റെ 20 ശതമാനവും നടക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ ജലപാതക്കുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയത് ആഗോള വ്യാപാരത്തെ രൂക്ഷമായി ബാധിച്ചിരുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കപ്പലുകള്‍ കടത്തിവിടില്ലെന്ന ഇറാന്റെ തീരുമാനതിന് പുറകെ ഹോര്‍മൂസ് ആക്രമിച്ച് പിടിച്ചെടുക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇറാന്‍ അമേരിക്കയുടെ ഭീഷണിക്ക് ശക്തമായി മറുപടി നല്‍കിയിരുന്നു.