
















മിഡില്‍ ഈസ്റ്റിലെ യുദ്ധസാഹചര്യത്തില്‍ നടന്ന ഉയര്‍ന്നതല ഫോണ്‍ചര്‍ച്ചയില്‍ അപൂര്‍വ സംഭവ വികാസം. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ടെക് വ്യവസായി എലോണ്‍ മസ്‌കും പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍.
ഈ ആഴ്ച ചൊവ്വാഴ്ച നടന്ന ഈ ഫോണ്‍കോളില്‍ ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യവും ഗള്‍ഫ് മേഖലയിലെ സംഘര്‍ഷവും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രണ്ടു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള യുദ്ധസാഹചര്യത്തിലെ ഔദ്യോഗിക ചര്‍ച്ചയില്‍ ഒരു സ്വകാര്യ വ്യക്തി പങ്കെടുക്കുന്നത് വളരെ അപൂര്‍വമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എലോണ്‍ മസ്‌കിന്റെ പങ്കാളിത്തം രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ മസ്‌ക് ഈ ചര്‍ച്ചയില്‍ എന്ത് പങ്ക് വഹിച്ചു, സംസാരിച്ചോയെന്നതൊന്നും വ്യക്തമായിട്ടില്ല.
ഇറാന്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ ഫോണ്‍കോള്‍ നടന്നത്. ഗള്‍ഫ് മേഖലയിലെ സുരക്ഷയും എണ്ണവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രധാനമായി ചര്‍ച്ചയായതായി സൂചന.
ഹോര്‍മുസ് കടലിടുക്ക് തുറന്നുനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ ഇതിനകം തന്നെ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഇത് ആഗോള ഊര്‍ജവിതരണത്തിനും നിര്‍ണായകമാണ്.