CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 52 Seconds Ago
Breaking Now

യമന്‍ തീരത്ത് നിന്നും സായുധ സംഘം എണ്ണക്കപ്പല്‍ റാഞ്ചി

10 ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കപ്പല്‍ തട്ടിയെടുക്കലാണ് നിലവില്‍ നടന്നിട്ടുള്ളത്.

യമന്‍ തീരത്ത് നിന്നും സായുധ സംഘം എണ്ണക്കപ്പല്‍ റാഞ്ചി.യമന്റെ തെക്കന്‍ തീരപ്രദേശത്ത് വെച്ച് സായുധരായ ഒരു സംഘം എണ്ണക്കപ്പല്‍ തട്ടിയെടുത്തതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എം.ടി യുറീക്ക എന്ന കപ്പലാണ് സൊമാലിയയില്‍ നിന്നുള്ള കടല്‍ക്കൊള്ളക്കാര്‍ എന്ന് സംശയിക്കുന്ന സംഘം കൈക്കലാക്കിയത്. യമനിലെ ഷബ്വ പ്രവിശ്യയ്ക്ക് സമീപം വെച്ചാണ് ഈ സംഭവം നടന്നത്. കപ്പല്‍ നിലവില്‍ സൊമാലിയന്‍ തീരം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ചെങ്കടലിലെയും ഏഡന്‍ ഉള്‍ക്കടലിലെയും സുരക്ഷാ സ്ഥിതിഗതികള്‍ വീണ്ടും ചര്‍ച്ചയാവാന്‍ കാരണമായിരിക്കുകയാണ് ഈ സംഭവം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹൂതി വിമതര്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ടെങ്കിലും ഈ നീക്കം സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തിരിച്ചുവരവാണോ എന്ന സംശയത്തിലേക്കാണ് അധികൃതര്‍ എത്തിച്ചിട്ടുള്ളത്. കപ്പല്‍ തട്ടിയെടുത്ത ഉടന്‍ തന്നെ അത് സൊമാലിയന്‍ സമുദ്ര അതിര്‍ത്തിയിലേക്ക് തിരിച്ചുവിട്ടത് ഈ സംശയത്തിന് ബലം നല്‍കുന്നുണ്ട്. 18500 ബാരല്‍ എണ്ണയുമായി പോയ ഹോണര്‍ 25 കപ്പല്‍ ഏപ്രില്‍ 22ന് സൊമാലിയന്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയിരുന്നു.

ഇതേ മേഖലയില്‍ 10 ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കപ്പല്‍ തട്ടിയെടുക്കലാണ് നിലവില്‍ നടന്നിട്ടുള്ളത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടോഗോയുടെ പതാക വഹിക്കുന്നതാണ് എം ടി യുറേക്കാ എണ്ണക്കപ്പല്‍. ഇന്ന് പുലര്‍ച്ചെയാണ് കപ്പല്‍ തട്ടിയെടുത്തത്. കപ്പലില്‍ എത്ര ജീവനക്കാരുണ്ടെന്നോ അവര്‍ ഏത് രാജ്യക്കാരാണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങള്‍ ഉടമസ്ഥര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും സായുധ സംഘം കപ്പലിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്തതായാണ് നാവിക സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന സൂചന. അന്താരാഷ്ട്ര നാവികസേനകളും പ്രാദേശിക സുരക്ഷാ വിഭാഗങ്ങളും കപ്പലിന്റെ സഞ്ചാരപഥം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

സൊമാലിയന്‍ കടല്‍ക്കൊള്ള വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയ പ്രതിസന്ധിയായിരുന്നുവെങ്കിലും ഇടക്കാലത്ത് അത് കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇത്തരം റാഞ്ചലുകള്‍ നടക്കുന്നത് ആഗോള വിപണിയെയും എണ്ണ വിതരണത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. കപ്പല്‍ വീണ്ടെടുക്കുന്നതിനായുള്ള നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളും സുരക്ഷാ നീക്കങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. 2011ന് ശേഷം സൊമാലിയന്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ വലിയ കുറവുണ്ടായിരുന്നു. എന്നാല്‍ 2023 മുതല്‍ വീണ്ടും സൊമാലിയന്‍ കൊള്ള സംഘത്തിന്റെ ആക്രമണം മേഖലയില്‍ വീണ്ടും തുടങ്ങിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.