
















തല്ലി പഠിപ്പിച്ചാല്‍ നല്ല സ്വഭാവത്തില്‍ വളരുമെന്ന് ചിന്തിക്കുന്ന മാതാപിതാക്കളാണോ നിങ്ങള്‍ ? എന്നാല്‍ ആ ചിന്ത തെറ്റാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. അടിയും വഴക്കും കൊണ്ട് വളരുന്ന കുട്ടികള്‍ ഭാവിയില്‍ പഠനത്തില്‍ ഉഴപ്പാറുണ്ടത്രെ. ഇംഗ്ലണ്ടിലും വടക്കന്‍ അയര്‍ലന്‍ഡിലും കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്.
യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ നടത്തിയ പഠനത്തില്‍ 3,5,7 വയസുകളില്‍ അടിയേറ്റ കുട്ടികള്‍ ജിസിഎസ്ഇ പരീക്ഷകളില്‍ വിജയിക്കുന്നതിനുള്ള സാധ്യത കുറവെന്ന് കണ്ടെത്തി. 2000ത്തിലെ തുടക്കത്തില്‍ യുകെയില്‍ ജനിച്ച ഏകദേശം 19000 കുട്ടികളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
ചെറുപ്പത്തില്‍ ശിക്ഷയേറ്റുവാങ്ങിയ കുട്ടികള്‍ കൗമാര പ്രായത്തില്‍ മറ്റുള്ളവരെ കളിയാക്കാനും വിമര്‍ശിക്കാനും താല്‍പര്യം കാണിക്കുന്നു. ആവര്‍ത്തിച്ച് ശിക്ഷ വാങ്ങിയവര്‍ എഴുതാനും വായിക്കാനുമുള്ള കഴിവുകള്‍ കൈമോശം വരുന്നതായും സര്‍വ്വേ വ്യക്തമാക്കുന്നു.
ശിക്ഷ ലഭിച്ചവരില്‍ 48 ശതമാനമാണ് ജിസിഎഇയില്‍ എല്ലാ വിഷയങ്ങളും വിജയിക്കാന്‍ കഴിയാതെ പോയത്. ആണ്‍ുട്ടികളാണ് ശിക്ഷ ലഭിക്കുന്നതോടെ കൂടുതല്‍ വഷളാകുന്നതെന്നും പഠനം പറയുന്നു. കൗമാരക്കാലത്ത് അക്രമ സ്വഭാവം, ബുള്ളിയിങ് , നശീകരണ പ്രവര്‍ത്തനം, സാമൂഹിക പ്രശ്‌നങ്ങളുണ്ടാക്കല്‍ എന്നിങ്ങനെ ഇവര്‍ വലിയ തലവേദന സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ന്യായമായ ശിക്ഷ എന്ന പേരില്‍ മാതാപിതാക്കള്‍ കുട്ടികളെ കൈവയ്ക്കുന്നുണ്ട്. ശാരീരിക ശിക്ഷ പൊതു സമൂഹത്തിന് തന്നെ ബാധ്യതയാകുന്ന ഒരു വ്യക്തിയെ സൃഷ്ടിക്കൂവെന്നാണ് പഠനം നല്‍കുന്ന മുന്നറിയിപ്പ്.