CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 57 Minutes 37 Seconds Ago
Breaking Now

ക്രോയിഡോണ്‍ 'പുതുപ്പള്ളിയായി'; ചാണ്ടി ഉമ്മന് ഉജ്ജ്വല സ്വീകരണം നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍

ലണ്ടന്‍. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ യുകെ സന്ദര്‍ശനത്തിന് ക്രോയിഡണില്‍ ആവേശകരമായ സ്വീകരണം നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' സമ്മേളനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്തു. വെറും രണ്ട് ദിവസത്തെ മുന്നൊരുക്കത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് ലഭിച്ച ജനപങ്കാളിത്തം സംഘാടകരെ പോലും അമ്പരപ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ക്രോയിഡണിലെ കല്യാണി റെസ്റ്റോറന്റില്‍ നടന്ന സമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ ഹാള്‍ നിറഞ്ഞു. നിരവധി പേര്‍ നിന്നുകൊണ്ടാണ് ചടങ്ങ് വീക്ഷിച്ചത്. തിരുവനന്തപുരത്തു മുതല്‍ കാസര്‍കോട് വരെയുള്ള കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. ചാണ്ടി ഉമ്മനെ നേരില്‍ കാണാനും സംസാരിക്കാനുമായി എത്തിയവരുടെ തിരക്ക് പരിപാടിയുടെ പ്രധാന ആകര്‍ഷണമായി.

ജനങ്ങള്‍ക്കിടയില്‍ സമയം ചെലവഴിച്ച് ഓരോരുത്തരെയും നേരില്‍ കണ്ടും കുടുംബവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും ചാണ്ടി ഉമ്മന്‍ നടത്തിയ ആശയവിനിമയം ശ്രദ്ധേയമായി. ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയശൈലിയുടെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ ഇടപെടലുകളിലും പ്രകടമായതെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും പിണറായി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും വിശദീകരിച്ചു സമ്മേളനത്തില്‍സംസാരിച്ച ചാണ്ടി ഉമ്മന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഓര്‍മിപ്പിച്ചു. സമാനമായ സമീപനമാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെയും തുടരുന്നതെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ജനസേവനത്തിന്റെ തുടര്‍ച്ചയായി നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിക്ക് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു.

ഐഒസി യുകെ നാഷണല്‍ പ്രസിഡന്റ് സുജു കെ. ഡാനിയല്‍ അധ്യക്ഷത വഹിച്ചു. സറെ റീജണ്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ ജനപങ്കാളിത്തം സാധ്യമായത് പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്ന് സുജു കെ ഡാനിയേല്‍  അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാത്തിരുന്ന ഒരു സംഗമമാണ് യാഥാര്‍ഥ്യമായതെന്ന് കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ് പറഞ്ഞു. ജയരാജ് നടത്തിയ പ്രഭാഷണവും ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തിയ തോമസ് ഫിലിപ്പിന്റെ പ്രസംഗവും ചടങ്ങില്‍ ശ്രദ്ധേയമായി. യുവജന വിഭാഗം പ്രസിഡന്റ് എഫ്രേം സാമിന്റെ നേതൃത്വത്തില്‍ യുവജനങ്ങളുടെ സജീവ സാന്നിധ്യവും പരിപാടിക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു.

നാഷണല്‍ വൈസ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, അപ്പ ഗഫൂര്‍, ജനറല്‍ സെക്രട്ടറിമാരായ അഷ്‌റഫ് അബ്ദുല്ല, അജിത് വെണ്മണി, സൂരജ് കൃഷ്ണന്‍, സെക്രട്ടറി റോണി ജേക്കബ്, പി ആര്‍ ഒ അജി ജോര്‍ജ്ജ്,ജിബിന്‍,ഈസ്റ്റ് ലണ്ടന്‍ പ്രസിഡന്റ് ഷൈനു മാത്യു, ഇപ്‌സ്വിച്ച് പ്രസിഡന്റ് ബാബു മങ്കുഴിയില്‍, ബിര്‍മിംഹാം പ്രതിനിധി രാജപ്പന്‍ വര്‍ഗീസ്, വാറ്റ്‌ഫോര്‍ഡ് പ്രതിനിധി ജിസാ ഷെറിന്‍ എന്നിവരടക്കം ഐ.ഒ.സി.യുടെ വിവിധ ഭാരവാഹികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. പരിപാടിക്ക് ശേഷം ഒരുക്കിയ സൗഹൃദ വിരുന്നിലും പങ്കെടുത്തവര്‍ ഒന്നിച്ചുകൂടി. യുകെ മലയാളികളുടെ സമീപകാലത്തെ ശ്രദ്ധേയമായ രാഷ്ട്രീയ-സാമൂഹിക സംഗമങ്ങളിലൊന്നായി ക്രോയിഡണിലെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സമ്മേളനം മാറിയെന്നാണ് പങ്കെടുത്തവരുടെ വിലയിരുത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.