CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours Ago
Breaking Now

കൊച്ചി - യു കെ ഡയറക്ട് വിമാന സര്‍വീസ് പുനഃസ്ഥാപിക്കണം: ഐ ഓ സി (യു കെ) കേരള ചാപ്റ്റര്‍; പ്രവാസി മലയാളികളുടെ ശബ്ദം വീണ്ടും ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക്

മാഞ്ചസ്റ്റര്‍: യു കെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ ദീര്‍ഘകാല ആവശ്യമായ കൊച്ചി-യു കെ എയര്‍ ഇന്ത്യ ഡയറക്ട് വിമാന സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ശക്തമായ ഇടപെടലുകള്‍ തുടരുന്നു. 

കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി തുടരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നിര്‍ണായക ഇടപെടല്‍.

 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍ സുമിന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ലോക്‌സഭാ അംഗം ആന്റോ ആന്റണി എം പിക്ക് നേരിട്ട് കഴിഞ്ഞ ദിവസം നിവേദനം സമര്‍പ്പിച്ചു. അനുഭാവപൂര്‍വ്വമായ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കേന്ദ്ര വ്യോമയന മന്ത്രലയം, എയര്‍ ഇന്ത്യ - സിയാല്‍ അധികൃതര്‍, ഇന്ത്യന്‍ ഹൈ കമ്മീഷന്‍ എന്നിവര്‍ക്ക് ഓണ്‍ലൈനായി നിവേദനം സമര്‍പ്പിച്ചതിന് പുറമേയാണിത്.

 

2025 ജനുവരി 29-ന് എയര്‍ ഇന്ത്യ കൊച്ചി-യു കെ ഡയറക്ട് സര്‍വീസ് നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യു കെയിലെ പ്രവാസ കോണ്‍ഗ്രസ് സംഘടനകള്‍ വിവിധ തലങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ ആരംഭിച്ചിരുന്നു. യു കെയില്‍ ഐ ഓ സി - ഓ ഐ സി സി സംഘടനകളുടെ ലയന ശേഷം ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഇടപെടലുകള്‍ തുടര്‍ന്നു പോരുന്നത്. ജനപ്രതിനിധികള്‍, കേന്ദ്ര സര്‍ക്കാര്‍, എയര്‍ ഇന്ത്യ, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (CIAL) എന്നിവരുമായി സംഘടന ആശയവിനിമയം നടത്തിവരികയാണ്.

 

സിഐഎഎല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് എയര്‍ ഇന്ത്യ ഗ്രൂപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും, ആവശ്യമായ സാങ്കേതികവും റെഗുലേറ്ററി അനുമതികളും ലഭിക്കുന്നതോടെ സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

2020 ഓഗസ്റ്റില്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം ആയി ആരംഭിച്ച കൊച്ചി-യു കെ ഡയറക്ട് സര്‍വീസ് യു കെയിലെ മലയാളി സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ അന്താരാഷ്ട്ര വ്യോമപാതകളിലൊന്നായിരുന്നു. സര്‍വീസ് നിര്‍ത്തലാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും വലിയ സാമ്പത്തികവും സമയപരവുമായ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. യു കെയിലെ ഏകദേശം അഞ്ച് ലക്ഷം മലയാളികളുടെ യാത്രാ, കുടുംബ, വിദ്യാഭ്യാസ, വ്യാപാര ആവശ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.

 

നിവേദനം സ്വീകരിച്ച ആന്റോ ആന്റണി എം.പി ഈ വിഷയം ഇന്ത്യന്‍ പാര്‍ലമെന്റിലും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും മുന്നില്‍ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്ന് അദ്ദേഹം കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസുമായി വീഡിയോ കോളില്‍ സംസാരിക്കുകയും, വിഷയത്തില്‍ പൂര്‍ണ പിന്തുണയും തുടര്‍നടപടികള്‍ക്കുള്ള ഉറപ്പും നല്‍കുകയും ചെയ്തു.

 

കൊച്ചി-യു കെ ഡയറക്ട് വിമാന സര്‍വീസ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതുവരെ എല്ലാ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയും ശക്തമായ ഇടപെടലുകള്‍ തുടരുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍ നേതൃത്വം അറിയിച്ചു.

 

 

റോമി കുര്യാക്കോസ്

 




കൂടുതല്‍വാര്‍ത്തകള്‍.