CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 45 Seconds Ago
Breaking Now

ഇറാനെതിരെ അമേരിക്ക വീണ്ടും യുദ്ധത്തില്‍; ഹോര്‍മുസില്‍ ഇറാന് വിലക്കുമായി യുഎസ്; കപ്പലുകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ തങ്ങള്‍ക്ക് ചുങ്കം നല്‍കണമെന്ന് ട്രംപ്? യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ ക്രൂയിസ് മിസൈല്‍ അക്രമണത്തില്‍ ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

കപ്പലുകള്‍ക്ക് നേരെ നടത്തിയ അക്രമം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ

ഹോര്‍മുസ് കടലിടുക്കില്‍ ഇറാനെതിരായ ഉപരോധം തിരിച്ചെത്തിച്ചതിന് പിന്നാലെ മൂന്നാം ഘട്ട അക്രമം പ്രഖ്യാപിച്ച് യുഎസ്. ഹോര്‍മുസ് കടലിടുക്കില്‍ ഇടപെടാന്‍ സാധിക്കുന്ന തരത്തിലുള്ള ഇറാന്റെ എല്ലാ ശേഷിയും ഇല്ലാതാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ തങ്ങള്‍ ഇത് മുഴുവന്‍ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 

തെഹ്‌റാനില്‍ അമേരിക്ക നടത്തുന്ന അക്രമം തുടര്‍ച്ചയായി മൂന്നാം ദിനത്തിലേക്ക് കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് തവണയാണ് അക്രമം നടത്തിയത്. ഹോര്‍മുസ് കടലിടുക്കില്‍ നിരപരാധികളായ സാധാരണക്കാര്‍ക്കും, കൊമേഴ്ഷ്യല്‍ ഷിപ്പിംഗിനും നേര്‍ക്ക് നടത്തുന്ന അക്രമങ്ങളെ തടയാന്‍ ഇതുവഴി സാധിക്കുമെന്ന് സെന്റ്‌കോം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

എന്നാല്‍ കപ്പല്‍ ഗതാഗതത്തിന് സുപ്രധാനമായ പാത ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. അതേസമയം പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ ചരക്കുനീക്കം നടത്തുന്ന കപ്പലുകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ യുഎസിന് 20% ചുങ്കം നല്‍കണമെന്നാണ് ട്രംപിന്റെ നിലപാട്. ഈ കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ആഗോള നിയമങ്ങളുടെ ലംഘനമാകും. 

ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ ക്രൂയിസ് മിസൈല്‍ അക്രമണം നടത്തിയതില്‍ ഒരു ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ഒമാന്‍ മേഖലയിലാണ് കപ്പലുകള്‍ അക്രമിക്കപ്പെട്ടത്. എട്ടോളം പേര്‍ക്ക് പരുക്കേറ്റതായും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ ആറ് പേര്‍ ഇന്ത്യന്‍ പൗരന്‍മാരാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

കപ്പലുകള്‍ക്ക് നേരെ നടത്തിയ അക്രമം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ പ്രതികരിച്ചു. ഈ ഭീഷണിയെ നേരിടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.