
















1986-ല്‍ ഡീഗോ മറഡോണയുടെ കുപ്രശസ്തമായ 'ദൈവത്തിന്റെ കരങ്ങളെന്ന്' വിശേഷിപ്പിക്കപ്പെട്ട ഗോള്‍ ഇംഗ്ലണ്ട് മറന്നിട്ടില്ല. 40 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇംഗ്ലണ്ടും, അര്‍ജന്റീനയും ഏറ്റുമുട്ടുമ്പോള്‍ ആരുടെ കാലുകളാണ് ദൈവത്തിന്റേതായി മാറുകയെന്ന ചോദ്യമാണ് കാത്തിരിക്കുന്നത്. കളി മൈതാനത്താണ് നടക്കുന്നതെങ്കിലും പോരാട്ടത്തിന്റെ ആവേശം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോരാട്ടത്തിലേക്കും എത്തിക്കഴിഞ്ഞു.
ബ്രിട്ടീഷ് ദ്വീപായ ഫാക്ക്‌ലാന്‍ഡ്‌സ് ദ്വീപുകള്‍ക്ക് മേല്‍ തങ്ങള്‍ക്കാണ് അവകാശമെന്ന് പ്രഖ്യാപിച്ച് അര്‍ജന്റീനയുടെ വിദേശകാര്യ മന്ത്രി രംഗത്ത് വന്നതാണ് വാക്‌പോര് കളത്തിന് പുറത്തേക്ക് എത്തിച്ചത്. സെമി ഫൈനല്‍ മത്സരത്തിന് മുന്‍പായി ഇത്തരമൊരു ലേഖനം എഴുതിയത് കളത്തിലെ വീറും, വാശിയും എത്രത്തോളമുണ്ടെന്നതിന് തെളിവ് കൂടിയാണ്.
10 ആഴ്ച നീണ്ട യുദ്ധത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചാണ് ബ്രിട്ടന്‍ ഫാക്ക്‌ലാന്‍ഡ്‌സ് ദ്വീപ് കൈയടക്കിയത്. 649 അര്‍ജന്റീനക്കാരും, 255 ബ്രിട്ടീഷ് സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. നാല് വര്‍ഷം പിന്നിടുമ്പോള്‍ ഡീഗോ മറഡോണയുടെ 'കൈ കൊണ്ടുള്ള' ഗോള്‍ ഇതിന് പ്രതികാരമാണെന്നായിരുന്നു പാടിപ്പുകഴ്ത്തല്‍.
40 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു അര്‍ജന്റീന, ഇംഗ്ലണ്ട് പോരാട്ടത്തിന് അരങ്ങൊരുങ്ങുമ്പോള്‍ അര്‍ജന്റീനയുടെ താരങ്ങള്‍ പാടുന്നത് ഒരു മന്ത്രമാണ്- ഫോര്‍ മാല്‍വിനാസ്, ഫോര്‍ ഡീഗോ, ഫോര്‍ ലിയോസ് ലാസ്റ്റ് വണ്‍. ദ്വീപിന് വേണ്ടി, മറഡോണയ്ക്ക് വേണ്ടി, പിന്നെ തങ്ങളുടെ ഇതിഹാസം മെസിക്ക് വേണ്ടി എന്നാണ് ഇംഗ്ലണ്ടിനെ ചൊടിപ്പിക്കുന്ന ആ മന്ത്രത്തിന്റെ അര്‍ത്ഥം.
അതേസമയം ഫാക്ക്‌ലാന്‍ഡ് ദ്വീപുകള്‍ക്ക് മേല്‍ അര്‍ജന്റീനയ്ക്ക് അവകാശമില്ലെന്ന് നം. 10 പ്രതികരിച്ചു. ദ്വീപ് നിവാസികള്‍ ഹിതപരിശോധന നടത്തി ബ്രിട്ടനൊപ്പം തുടരാനാണ് തീരുമാനിച്ചത്. അവരുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാണിക്കുന്നു.