
















അപ്രതീക്ഷിതമായിരുന്നു യുകെ മലയാളികള്‍ക്ക് നാലു കുരുന്നുകളുടെ അമ്മയായ ചിഞ്ചു തോമസിന്റെ വേര്‍പാട്. 34 വയസ്സുമാത്രം പ്രായം. പ്രസവ ശേഷം വീട്ടിലെത്തി തൊട്ടടുത്ത ദിവസമാണ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥതയുണ്ടായതും മരണം സംഭവിച്ചതും.
എട്ടുവയസ്സുള്ള അമീലിയ എമില്‍, ആറു വയസ്സുള്ള ആന്റോണിയോ എമില്‍, രണ്ടുവയസ്സുള്ള എഡ്രിയേല്‍ എന്നീ മൂന്നു മക്കള്‍ക്കൊപ്പം ദിവസങ്ങള്‍ മാത്രം പ്രായമുള്ള അന്നറോസും ഇനി അമ്മയില്ലാതെ വളരണം.
ഈ കുടുംബത്തിന്റെ തീരാ വേദന യുകെ മലയാളികളേയും വേദനയിലാഴ്ത്തിയിരിക്കുകയാണ്. കുടുംബത്തെ സ്‌നേഹത്തോടെ പിന്തുണയ്ക്കുന്നതിനൊപ്പം യുകെയിലെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുപ്പതിനായിരത്തിലേറെ പൗണ്ട് സമാഹരിക്കാന്‍ യുക്മയ്ക്കായി.
യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് ബോസ്റ്റന്റെ സഹകരണത്തോടെയാണ് ഫണ്ട് ശേഖരണം തുടങ്ങിയത്.
നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ ചിഞ്ചു ബോസ്റ്റണിലെ പില്‍ഗ്രീം ഹോസ്പിറ്റലില്‍ തിയറ്റര്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ലിങ്കണ്‍ഷെയറിലെ ബോസ്റ്റണിലായിരുന്നു കുടുംബം താമസിച്ചത്. കുഞ്ഞുപിറന്ന സന്തോഷത്തിന് തൊട്ടുപിന്നാലെ തീരാ വേദനയായി ചിഞ്ചുവിന്റെ വിയോഗം.
ഒറ്റയ്ക്കായി പോയ എമിലിനും നാലു മക്കള്‍ക്കുമായി യുകെ മലയാളികള്‍ കൈകോര്‍ക്കുകയാണ്. നിങ്ങള്‍ക്കും താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കുടുംബത്തെ സഹായിക്കാം
https://gofund.me/6aadc153f