
















=ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരനായ വിനീത് മിനോച്ച(63)യുടെ കൊലപാതകത്തില്‍ മകനും നിരീക്ഷണത്തില്‍. വിനീതിന്റെ മകന്‍ സുഭ്രതിന്റെ ഭാര്യ ഷാലു(36)വാണ് ക്വട്ടേഷന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തുകയും ഷാലുവിനെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിനീതിന്റെ മകനും ഷാലുവിന്റെ ഭര്‍ത്താവുമായ സുഭ്രതിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നത്. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ സുഭ്രതിന് പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.
സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് കാന്‍പുരിലെ ആഡംബര ഫ്‌ളാറ്റില്‍വെച്ച് വിനീത് മിനോച്ച കൊല്ലപ്പെട്ടത്. വിനീതിന്റെ മുന്‍ വീട്ടുജോലിക്കാരനായ വിശാലും കൂട്ടാളിയായ രാജ് കിഷോറും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇവരുടെ അറസ്റ്റിന് പിന്നാലെയാണ് സംഭവം മരുമകളുടെ ക്വട്ടേഷനാണെന്ന് കണ്ടെത്തിയത്. ഇതോടെ മരുമകള്‍ ഷാലുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഷാലു സ്ഥിരമായി നിശാപാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ പോകുന്നതിനെയും രാത്രി വൈകി വീട്ടിലെത്തുന്നതിനെയും വിനീത് എതിര്‍ത്തിരുന്നു. മാത്രമല്ല, മരുമകളുടെ നീക്കങ്ങള്‍ അറിയാനായി വീട്ടിലാകെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. മരുമകള്‍ക്കും മകനും ആവശ്യമുള്ള പണം നല്‍കിയിരുന്നതും വിനീതായിരുന്നു. ഓരോ ആവശ്യത്തിനും ഭര്‍തൃപിതാവിനോട് പണം ചോദിക്കേണ്ട സാഹചര്യവും മരുമകളുടെ പകയ്ക്ക് കാരണമായി. ഇതെല്ലാമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്നാണ് വീട്ടിലെ മുന്‍ജോലിക്കാരനായ വിശാലുമായി അടുപ്പം സ്ഥാപിച്ച് ഷാലു കൊലപാതകം ആസൂത്രണംചെയ്തത്. കൃത്യം നടത്തിയാല്‍ ആറുലക്ഷം രൂപ നല്‍കാമെന്നും ഷാലു വാഗ്ദാനംചെയ്തിരുന്നു.
ശനിയാഴ്ച രാത്രി ഷാലുവും ഭര്‍ത്താവും ഹോട്ടലിലെ പാര്‍ട്ടിക്ക് പോയതിന് പിന്നാലെയാണ് പ്രതികള്‍ ഫ്‌ളാറ്റില്‍ കയറി വിനീതിനെ കൊലപ്പെടുത്തിയത്. ഫ്‌ളാറ്റില്‍ കയറാനായി ഫ്‌ളാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഷാലു നേരത്തേ തന്നെ പ്രതിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ഡെലിവറി ജീവനക്കാരെന്ന വ്യാജേനയാണ് പ്രതികള്‍ ഫ്‌ളാറ്റിലെത്തിയത്. തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഫ്‌ളാറ്റില്‍ കയറി ഒളിച്ചിരുന്ന പ്രതികള്‍ വിനീതിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 26 തവണയാണ് വിനീതിന് കുത്തേറ്റത്. പിന്നീട് രാത്രി വൈകി മകനും മരുമകളും പാര്‍ട്ടി കഴിഞ്ഞ് തിരിച്ചെത്തിയതോടെയാണ് വിനീതിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
കൊലപാതകം ആസൂത്രണംചെയ്തതിന് ഷാലുവിനെതിരേ ശക്തമായ ഡിജിറ്റല്‍ തെളിവുകളടക്കം കണ്ടെത്തിയതായാണ് പൊലീസിന്റെ വിശദീകരണം. ഷാലുവും വീട്ടുജോലിക്കാരനായിരുന്ന വിശാലും തമ്മില്‍ മേയ് ഒന്നാം തീയതി മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ 309 തവണയാണ് ഫോണില്‍ വിളിച്ചത്. ഇരുവരും പരസ്പരം കൈമാറിയ സന്ദേശങ്ങളും ഫോണില്‍നിന്ന് വീണ്ടെടുത്തിട്ടുണ്ട്. വിനീതിന്റെ വീട്ടില്‍നിന്ന് ജോലിവിട്ട ശേഷം വിശാല്‍ ഷാലുവിന് സ്ഥിരമായി ഗുഡ്‌മോണിങ്, ഗുഡ്‌നൈറ്റ് സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാല്‍, ആദ്യമൊന്നും ഷാലു ഇതിന് മറുപടി നല്‍കിയില്ല. പിന്നീട് ഷാലു വിശാലിന് മറുപടി നല്‍കാന്‍ തുടങ്ങി. ഇയാളുമായി സൗഹൃദം സ്ഥാപിച്ചു. വിശാല്‍ സ്മാര്‍ട്ട് ആയിരുന്നുവെന്നും കാണാന്‍ സുന്ദരനാണെന്നും പറഞ്ഞ് അഭിനന്ദിച്ചു. ഇത്രയും സുന്ദരനായിട്ടും എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും ഷാലു ചോദിച്ചിരുന്നു. ഇത്തരത്തില്‍ വിശാലുമായി അടുപ്പം സ്ഥാപിച്ചശേഷമാണ് ഷാലു കൊലപാതകം നടത്താനായി ഇയാളോട് ആവശ്യപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
സെപ്റ്റംബര്‍ അഞ്ചിന് രാത്രി വിനീത് മിനോച്ചയെ ഫ്‌ളാറ്റില്‍വെച്ച് കൊലപ്പെടുത്തുമ്പോള്‍ ഷാലുവും ഭര്‍ത്താവും ന?ഗരത്തിലെ ഹോട്ടലിലെ നിശാപാര്‍ട്ടിയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഈ പാര്‍ട്ടിയില്‍നിന്നുള്ള ഷാലുവിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാട്ടിനൊപ്പം ഷാലു നൃത്തംചെയ്യുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.