
















നോര്ത്താംപ്ടണ്: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതാ ബൈബിള് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന ഓക്സ്ഫോര്ഡ് റീജണല് ബൈബിള് കലോത്സവം ഒക്ടോബര് 24 നു ശനിയാഴ്ച നോര്ത്താംപ്ടണിലെ കരോളിന് ചിഷോം സ്കൂളില് വെച്ച് നടക്കും. വിശുദ്ധഗ്രന്ഥ സന്ദേശങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ബൈബിള് കലോത്സവത്തില് റീജണിലെ വിവിധ മിഷനുകളില് നിന്നുമായി അഞ്ഞൂറിലധികം മത്സരാര്ത്ഥികള് ഈ വര്ഷം പങ്കെടുക്കുന്നുണ്ട്.
സീറോ മലബാര് ഓക്സ്ഫോര്ഡ് റീജണല് ഡയറക്ടര് ഫാ. സോണി ജോര്ജ്, ഓക്സ്ഫോര്ഡ് റീജണല് ബൈബിള് അപ്പോസ്തലേറ്റ് ഡയറക്ടര് ഫാ. എല്വിസ് ജോസ്, ആതിഥേയരായ നോര്ത്താംപ്ടണ് സീറോ മലബാര് മിഷന്റെ ഡയറക്ടര് ഫാ. സെബാസ്റ്റ്യന് പൊട്ടനാനി എന്നിവര് കലോത്സവത്തിന് ആത്മീയവും, അജപാലനപരവുമായ നേതൃത്വം നല്കും.ഓക്സ്ഫോര്ഡ് റീജണല് ബൈബിള് അപ്പോസ്തലേറ്റ് കോര്ഡിനേറ്റര്മാരായ സജന് സെബാസ്റ്റ്യന്, ജിനീത ഡേവീസ് എന്നിവര് കലോത്സവത്തിന് നേതൃത്വം നല്കും.
ഹോളി ക്വീന് റോസരി മിഷന് ഡെന്ഹാം വാട്ഫോര്ഡ്, സെന്റ് അല്ഫോന്സാ മിഷന് ബെഡ്ഫോര്ഡ് എന്നീ സീറോ മലബാര് മിഷനുകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈ വര്ഷത്തെ കലോത്സവം നടക്കുക. റീജണല് ബൈബിള് കലോത്സവത്തിന് ഒരുക്കങ്ങള് പൂര്ത്തിയായതായി ജനറല് കോര്ഡിനേറ്റര്മാരായ ജെബിറ്റി ജോസഫ് (വാട്ഫോര്ഡ്), സിബി സെബാസ്റ്റ്യന് (ബെഡ്ഫോര്ഡ്) എന്നിവര് അറിയിച്ചു. മത്സരങ്ങള് സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിനായി മത്സരാര്ത്ഥികള് കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര് അഭ്യര്ത്ഥിച്ചു.
ഈ വര്ഷം സുറിയാനി പാട്ട്, തിരുവചന സൂചന (ബൈബിള് സൈറ്റേഷന്) എന്നീ രണ്ട് ഇനങ്ങള് കൂടി പുതുതായി ഉള്പ്പെടുത്തിയിട്ടുണ്ട്. സംഗീതം, പ്രസംഗം, നൃത്തം, ചിത്രരചന, അഭിനയം തുടങ്ങി വിവിധ കലാരൂപങ്ങളിലൂടെ വിശുദ്ധഗ്രന്ഥ സന്ദേശങ്ങള് പ്രഘോഷിക്കുന്ന ബൈബിള് കലോത്സവം, വിശ്വാസത്തിന്റെയും, സര്ഗാത്മകതയുടെയും സംയുക്ത ആഘോഷവേദിയായി മാറും. അമ്പതോളം ഇനങ്ങളിലായി എട്ട് സ്റ്റേജുകളിലായിട്ടാവും മത്സരങ്ങള് അരങ്ങേറുക.
മത്സരാര്ത്ഥികളുടെ രജിസ്ട്രേഷന് രാവിലെ എട്ടിന് ആരംഭിക്കും. ഒന്പതു മണിക്ക് ബൈബിള് പ്രതിഷ്ഠയും തുടര്ന്ന് 9.15 മുതല് മത്സരങ്ങളും ആരംഭിക്കും. വൈകിട്ട് ഏഴ് മണിയോട് നടക്കുന്ന സമാപന സമ്മേളനത്തില് വെച്ച് വിജയികള്ക്കുള്ള പാരിതോഷകങ്ങള് സമ്മാനിക്കുന്നതാവും.
തിരുവചനാധിഷ്ഠിതമായ വിവിധ കലാരൂപങ്ങളിലൂടെ സുവിശേഷ സന്ദേശങ്ങള് കൂടുതല് ആഴത്തില് പകരാനും, വിശ്വാസജീവിതത്തിന് അര്ത്ഥവ്യാപ്തി ലഭിക്കുവാനും കലോത്സവം അവസരമൊരുക്കും. ദൈവം നല്കിയ സര്ഗാത്മക കഴിവുകള് പ്രകടിപ്പിക്കുന്നതിനും, അവിടുത്തേക്ക് സ്തുതിയും നന്ദിയും തങ്ങളുടെ മികവുറ്റ അവതരണങ്ങളിലൂടെ അര്പ്പിക്കുന്നതിനുമുള്ള വേദികൂടിയാവും ബൈബിള് കലോത്സവം.
തിരുവചനങ്ങളില്നിന്ന് പ്രചോദനം ഉള്ക്കൊണ്ട് ദൈവികസാന്നിധ്യം അനുഭവിക്കാനും, വിശ്വാസസന്ദേശങ്ങള് കൂടുതല് ആഴത്തില് ഉള്ക്കൊള്ളാനും അവസരമൊരുക്കുന്ന ബൈബിള് കലോത്സവത്തിലേക്ക് ഏവരെയും സ്നേഹപൂര്വം സ്വാഗതം ചെയ്യുന്നതായി റീജണല് ബൈബിള് അപ്പോസ്തലേറ്റ് അറിയിച്ചു.
Venue: Caroline Chisholm School, Wooldale Road, Wootton, Northampton NN4 6TP
Appachan Kannanchira