
















ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള ഗുണ്ടാത്തലവന്‍ അനില്‍ പണ്ഡിറ്റ്. മുംബൈയിലെ ജൂഹുവില്‍ നടന്ന ആക്രമണത്തില്‍ താരം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച ശബ്ദസന്ദേശത്തിലൂടെയാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനില്‍ പണ്ഡിറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
താനും കൂട്ടാളി ഹര്‍മാന്‍ സന്ധുവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സന്ദേശത്തില്‍ അനില്‍ പണ്ഡിറ്റ് അവകാശപ്പെടുന്നത്. ഇതോടൊപ്പം ബോളിവുഡ് സിനിമാ മേഖലയ്ക്കും നടന്‍ സല്‍മാന്‍ ഖാനും ഇയാള്‍ മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. ലോറന്‍സ് ബിഷ്‌ണോയിയോടും ബിഷ്‌ണോയ് സമുദായത്തോടും സല്‍മാന്‍ ഖാന്‍ നിരുപാധികം മാപ്പുപറയണമെന്നാണ് സന്ദേശത്തിലെ ആവശ്യം. ബിഷ്‌ണോയിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി സല്‍മാന്‍ ഖാനുമായി സഹകരിക്കുന്ന സിനിമാ മേഖലയിലുള്ളവരെ വധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ അനില്‍ പണ്ഡിറ്റ് 2024ല്‍ 'ഡങ്കി' മാര്‍ഗത്തിലൂടെ അനധികൃതമായി അമേരിക്കയിലെത്തിയെന്നാണ് അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ബിഷ്‌ണോയ് സംഘവുമായി ബന്ധം സ്ഥാപിച്ച ഇയാള്‍, അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഹരി ചന്ദ് ജാട്ടിന്റെ നിര്‍ദേശപ്രകാരമാണ് നീങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെന്ന സന്ദേശത്തിലെ അവകാശവാദങ്ങള്‍ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.
നേരത്തെയും ബോളിവുഡ് താരങ്ങള്‍ക്കും സംഗീതജ്ഞര്‍ക്കും നേരെ ബിഷ്‌ണോയ് സംഘവുമായി ബന്ധപ്പെടുത്തി ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ടുള്ള ഭീഷണികളും ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടൈഗര്‍ ഷ്‌റോഫിന്റെ വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതികളെ കണ്ടെത്താനും ആക്രമണത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കാനുമായി മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.