
















ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ പങ്കുവെച്ച വിവാദ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ ഖേദപ്രകടനവുമായി ദിയ കൃഷ്ണ. വീഡിയോ മുഴുവനായി കാണാതെയാണ് പ്രതികരിച്ചതെന്നും ഉള്ളടക്കം പൂര്‍ണമായി മനസിലാക്കിയിരുന്നെങ്കില്‍ അത്തരമൊരു കമന്റ് ഇടില്ലായിരുന്നെന്നും ദിയ വ്യക്തമാക്കി. തന്റെ അശ്രദ്ധയാണ് വിവാദത്തിന് കാരണമായതെന്നും പ്രതികരണത്തിലൂടെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നതായും ദിയ പറഞ്ഞു.
'ലിറ്റിചോക്ക് അപ്പ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയാണ് വിവാദമായത്. ഫോര്‍ട്ട് കൊച്ചിയില്‍ മുസ്ലിം ജനസംഖ്യ കൂടുതലാണെന്നും കേരളം അപകടത്തിലാണെന്നുമുള്ള ആരോപണങ്ങള്‍ വീഡിയോയില്‍ ഉന്നയിച്ചിരുന്നു. വീഡിയോയ്ക്ക് താഴെ 'സാഡ് റിയാലിറ്റി' എന്നായിരുന്നു ദിയയുടെ കമന്റ്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയായിരുന്നു. വിവാദത്തില്‍ പ്രതികരിച്ച ദിയ, വീഡിയോയുടെ ആദ്യ ഭാഗം മാത്രമാണ് കണ്ടതെന്നും കൊച്ചിയിലെ ഒരു കഫേയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് കരുതിയതെന്നും വിശദീകരിച്ചു.
ജിന്നയുടെ ചിത്രം സംബന്ധിച്ച വിഷയത്തില്‍ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും എന്നാല്‍ വീഡിയോയുടെ രണ്ടാം ഭാഗത്തില്‍ ഒരു പ്രത്യേക സമുദായത്തെക്കുറിച്ചും കേരളത്തിലെ ബീഫ് ഉപഭോഗത്തെക്കുറിച്ചും ഉന്നയിച്ച അഭിപ്രായങ്ങളോട് തനിക്ക് യോജിപ്പില്ലെന്നും ദിയ വ്യക്തമാക്കി. വീഡിയോ മുഴുവനായി കാണാതെ കമന്റ് ചെയ്തത് തെറ്റായിരുന്നുവെന്നും തന്റെ പ്രതികരണം വീഡിയോയിലെ എല്ലാ പരാമര്‍ശങ്ങളെയും പിന്തുണയ്ക്കുന്നതായി മറ്റുള്ളവര്‍ക്ക് തോന്നാമെന്ന കാര്യം ഇപ്പോള്‍ മനസിലാക്കുന്നുവെന്നും ദിയ പറഞ്ഞു. തന്റെ ഉദ്ദേശ്യം എന്തായിരുന്നാലും പ്രവൃത്തി സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
മതസൗഹാര്‍ദത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാനല്ല, കൂടുതല്‍ മനോഹരമാക്കാനാണ് സഹായിക്കേണ്ടതെന്നും ദിയ പ്രതികരിച്ചു. ഒരു സമുദായത്തെ അധിക്ഷേപിക്കുന്നതോ അവരുടെ സാമൂഹിക സ്ഥാനത്തെ ചോദ്യം ചെയ്യുന്നതോ ആയ കാര്യങ്ങളെ മനഃപൂര്‍വം പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍നിന്ന് ഇടവേളയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും തെറ്റ് അംഗീകരിച്ച് അതില്‍നിന്ന് പഠിക്കുകയാണ് വേണ്ടതെന്ന തീരുമാനത്തിലാണ് ഇപ്പോഴെന്നും ദിയ പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രതികരിക്കുമെന്നും എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നതായും അവര്‍ വ്യക്തമാക്കി.