CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 29 Minutes 57 Seconds Ago
Breaking Now

തൃശൂരില്‍ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍

അമ്മയുടെ മരണശേഷം വീട്ടില്‍ അച്ഛനും മകനും മാത്രമാണ് താമസിച്ചിരുന്നത്. ലഹരിക്ക് അടിമയായ വിനോദ് മദ്യപിച്ചെത്തി സ്ഥിരമായി പിതാവിനെ മര്‍ദിക്കാറുണ്ടായിരുന്നു.

തൃശൂര്‍ പുതുക്കാട് കണ്ടന്‍കവില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (70) പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വന്തം മകന്‍ തന്നെയാണ് ഗോപാലകൃഷ്ണന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ വിനോദിനെ (37) പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, വിശദമായ അന്വേഷണത്തിലൊടുവിലാണ് കേസ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഒക്ടോബര്‍ 21 ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അമ്മയുടെ മരണശേഷം വീട്ടില്‍ അച്ഛനും മകനും മാത്രമാണ് താമസിച്ചിരുന്നത്. ലഹരിക്ക് അടിമയായ വിനോദ് മദ്യപിച്ചെത്തി സ്ഥിരമായി പിതാവിനെ മര്‍ദിക്കാറുണ്ടായിരുന്നു. ഒക്ടോബര്‍ 21-ന് കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചശേഷം പ്രതി ഗോപാലകൃഷ്ണനെ നോക്കാതെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി.

തുടര്‍ന്ന് രണ്ടുദിവസത്തോളം ഗുരുതരമായി പൊള്ളലേറ്റ് അവശനിലയില്‍ വീട്ടില്‍ കിടന്ന ഗോപാലകൃഷ്ണനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 23 വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഇയാള്‍ മരണപ്പെട്ടു. വൈകി ആശുപത്രിയിലെത്തിച്ചതിനാല്‍ പൊള്ളലുകളിലും മുറിവുകളിലും കടുത്ത അണുബാധയുണ്ടായതാണ് മരണകാരണമായത്.

ഗോപാലകൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് സഹോദരന്‍ മണികണ്ഠന്‍ നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, വിനോദിനെ തൃശൂര്‍ നഗരത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.