
















തെരഞ്ഞെടുപ്പ് അടുത്തതോടെ യുപിയില്‍ നേര്‍ക്കുനേര്‍ വാക്ക് പോര് കനക്കുന്നു. ബിജെപിക്കെതിരെ തുടര്‍ച്ചയായി കടുത്ത ആരോപണങ്ങളുന്നയിക്കുന്ന സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ വെല്ലുവിളിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. അയോധ്യയില്‍ തനിക്കെതിരെ നേര്‍ക്കുനേര്‍ മത്സരിക്കാന്‍ അഖിലേഷ് യാദവിന് ധൈര്യമുണ്ടോയെന്ന് യോഗി ആദിത്യനാഥ് വെല്ലുവിളിച്ചു.
അഖിലേഷ് യാദവ് അയോധ്യയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയാണെങ്കില്‍ താനും അവിടെത്തന്നെ പത്രിക നല്‍കുമെന്ന് ആദിത്യനാഥ് വ്യക്തമാക്കി. നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങാനുള്ള ധൈര്യം അഖിലേഷ് യാദവിനില്ലെന്നാണ് പരിഹാസം.
മുന്‍പ് ഭരിച്ച എസ് പി മാഫിയകളെ ഉപയോഗിച്ച് ഉത്തര്‍പ്രദേശിന്റെ വികസനത്തെ പിന്നോട്ടടിച്ചവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.പി ഭരണകാലത്ത് യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ അപകടത്തിലാക്കിയെന്നും യോദി ആദിത്യനാഥ് ആരോപിച്ചു. നേരത്തെ യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരില്‍ നടത്തിയ റോഡ് ഷോയില്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് അയോധ്യയില്‍ മത്സരിക്കാന്‍ തയ്യാറാണോ എന്ന ചോദ്യവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്.