
















ലീസെസ്റ്ററില്‍ ഇന്ത്യന്‍ വംശജ കൊലപ്പെട്ട കേസില്‍ മുന്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ആദ്യ ഭാര്യയായ കിരണിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുക്കിയ ശേഷം സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിക്കുകയായിരുന്നു അശ്വിന്‍ ദൗദിയ ചെയ്തത്. ഭാര്യയോട് അസൂയ മൂത്ത് യാതൊരു പണിയും ചെയ്യാതെ വീട്ടില്‍ കുത്തിയിരുന്ന് മദ്യപിച്ചതോടെയാണ് ഇരുവരും 2014-ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയത്.
എന്നിട്ടും ഇതേ വീട്ടില്‍ അശ്വിന്‍ താമസിച്ച് വരികയായിരുന്നു. ഒടുവില്‍ രണ്ട് മക്കള്‍ക്കൊപ്പം ബുദ്ധിമുട്ടില്ലാതെ ജീവിക്കാന്‍ കിരണ്‍ വീട് സഹോദരിയ്ക്ക് വില്‍ക്കുകയായിരുന്നു. ഇത് കഴിഞ്ഞിട്ടും ഇയാള്‍ വീടുവിട്ട് പോകാതിരുന്നത് ചോദ്യം ചെയ്തതാണ് മുന്‍ ഭര്‍ത്താവിന് ഇഷ്ടപ്പെടാതിരുന്നത്. ജോലി കഴിഞ്ഞ് കിരണ്‍ എത്തുമ്പോഴും അശ്വിന്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഇയാളെ എഴുന്നേല്‍പ്പിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കായി. 
സംസാരത്തിനിടെ മുന്‍ ഭര്‍ത്താവിനോട് ചാകാനായി ഇന്ത്യയിലേക്ക് പൊയ്‌ക്കൊള്ളാന്‍ കിരണ്‍ പറഞ്ഞു. ഇതുകേട്ടതോടെ സകല നിയന്ത്രണങ്ങളും വിട്ട് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു അശ്വിന്‍. ഇത്രയൊക്കെ നടന്നിട്ടും ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്ന ഇയാള്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് പിടിക്കപ്പെട്ടത്. വിദ്യാഭ്യാസപരമായും, ഫാഷനബിളായും ഒക്കെ ഏറെ മുന്നേറിയതാണ് മുന്‍ ഭര്‍ത്താവിനെ ചൊടിപ്പിച്ചതെന്ന് ജഡ്ജ് തിമോത്തി സ്‌പെന്‍സര്‍ വ്യക്തമാക്കി.
താങ്കളുടെ യാഥാസ്ഥിതിക ചിന്താഗതി ഭാര്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു ശ്രമം. ഇതുമൂലമാണ് കിരണ്‍ വിവാഹജീവിതം ഉപേക്ഷിച്ചത്. നിങ്ങള്‍ പഴയ ചിന്തകളില്‍ കുടുങ്ങി കുടുംബജീവിതത്തില്‍ സ്വയം രാജാവായി ഞെളിയുകയായിരുന്നു. സ്വാര്‍ത്ഥപരമായ ഭീരുത്വം നിറഞ്ഞ നടപടിയിലൂടെ അശ്വിന്‍ രണ്ട് മക്കളുടെ ജീവിതമാണ് തകര്‍ത്തതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.