
















എന്‍എച്ച്എസില്‍ ശൈത്യകാല പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാരും തുറന്ന് സമ്മതിച്ച കാര്യമാണ്. പക്ഷെ ആ സമ്മതത്തിനപ്പും അത് ശരിപ്പെടുത്താന്‍ ആവശ്യമായ കാര്യങ്ങളൊന്നും സര്‍ക്കാര്‍ എന്‍എച്ച്എസിന് നല്‍കിയില്ല. വര്‍ദ്ധിച്ച സമ്മര്‍ദത്തില്‍ ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ നഴ്‌സുമാരും. ഡോക്ടര്‍മാരും, മറ്റ് ജീവനക്കാരും പെടാപ്പാട് പെടുമ്പോള്‍ സര്‍ക്കാര്‍ ഉള്‍പ്പോരും മേധാവിത്വവും നിലനിര്‍ത്താനുള്ള ശ്രമങ്ങളിലാണ്. എന്നാല്‍ ഈ അശ്രദ്ധ ഇനിയും തുടരാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഡൗണിംഗ് സ്ട്രീറ്റില്‍ നഴ്‌സുമാരും, ഡോക്ടര്‍മാരും, ആക്ടിവിസ്റ്റുകളും മാര്‍ച്ച് നടത്തി. 
നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന് കൃത്യമായ ഫണ്ടിംഗ് നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ അവഗണിച്ചാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ചികിത്സ നേടാനായി രോഗികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന ദുരവസ്ഥ നേരിടുമ്പോഴാണ് ജീവനക്കാര്‍ എന്‍എച്ച്എസിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ദി റോയില്‍ ഫാമിലി അഭിനേതാവ് റാള്‍ഫ് ലിറ്റില്‍ നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ഒപ്പം ചേര്‍ന്നു. 'രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ് എന്‍എച്ച്എസ്. എന്‍എച്ച്എസ് പ്രതിസന്ധിയുടെ പേരില്‍ ജെറമി ഹണ്ട് നമ്മളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു', റാള്‍ഫ് ലിറ്റില്‍ വ്യക്തമാക്കി. 
പീപ്പിള്‍സ് അസംബ്ലി, ഹെല്‍ത്ത് ക്യാംപെയിന്‍സ് ടുഗതര്‍ എന്നീ രണ്ട് ഗ്രൂപ്പുകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലീസസ്റ്റര്‍ സൗത്ത് ലേബര്‍ എംപി ജോന്നാഥന്‍ ആഷ്‌വര്‍ത്തും പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. എന്‍എച്ച്എസിനോടുള്ള നിലപാടുകള്‍ തിരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ എല്ലാവരും ഒത്തുചേരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്‍എച്ച്എസ് സേവനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തടയിടണം. എന്‍എച്ച്എസ് ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്താനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണം. എല്ലാവര്‍ക്കും ഒരുപോലെ മാന്യമായ ശമ്പളം ലഭിക്കണം, ആഷ്‌വര്‍ത്ത് വ്യക്തമാക്കി.
എന്‍എച്ച്എസ് പ്രതിസന്ധി മൂലം പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടമായ നിരവധി ആളുകള്‍ തങ്ങളുടെ കഥകള്‍ പങ്കുവെച്ചു. എന്‍എച്ച്എസ് എത്രത്തോളം മോശമായി പ്രവര്‍ത്തിച്ചാലും ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളം നിഷേധിച്ചും നിഷേധാത്മകമായ നിലപാട് തുടരുകയാണ് തെരേസ മേയ് സര്‍ക്കാര്‍. നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം പഠനത്തില്‍ ഒതുങ്ങി. ഇതിനിടെയാണ് ഡൗണിംഗ് സ്ട്രീറ്റില്‍ നേരില്‍ പ്രതിഷേധിക്കുന്നത്.