CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 4 Seconds Ago
Breaking Now

ആല്‍ഡിയില്‍ വെജിറ്റേറിയന്‍ വാങ്ങിയാല്‍ നോണ്‍-വെജിറ്റേറിയന്‍ ഫ്രീ; ഫ്രോസണ്‍ വെജിറ്റബിള്‍ വാങ്ങിയ കസ്റ്റമര്‍ക്ക് ലഭിച്ചത് എലിയെ; ഉപയോക്താക്കളെ ഞെട്ടിച്ച് 38,000 പച്ചക്കറി പാക്കുകള്‍ സൂപ്പര്‍ മാര്‍ക്കറ്റ് തിരിച്ചുവിളിക്കുന്നു!

രണ്ട് തവണ എലികളെക്കുറിച്ച് പരാതി ലഭിച്ചതായി എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍

വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഫ്രീ! ഈ പരസ്യവാചകം കേട്ടാല്‍ ഏത് ഉപഭോക്താവും വണ്ടി പിടിച്ച് നേരെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഓടും. എന്നാല്‍ ഈ വാര്‍ത്ത മുഴുവന്‍ വായിക്കാതെ ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ പോയാല്‍ നിങ്ങള്‍ക്കും ഒരുപക്ഷെ ഈ ഓഫര്‍ ലഭിക്കും. 2 വയസ്സുകാരിയായ പേരക്കുട്ടിക്ക് കൊടുക്കാനാണ് മുത്തശ്ശി പാറ്റ് ബെയിറ്റ്മാന്‍ ഫ്രോസണ്‍ വെജിറ്റബിള്‍ വാങ്ങിയത്. പക്ഷെ വെജിറ്റബിള്‍ നോണ്‍ വെജിറ്റേറിയന്‍ ആക്കിക്കൊണ്ട് നല്ല ഒന്നാന്തരം എലിയെയാണ് ഈ 60-കാരിക്ക് പാക്കറ്റില്‍ സിദ്ധിച്ചത്. 

ഇതേക്കുറിച്ച് ആല്‍ഡിയില്‍ പരാതിപ്പെട്ടതോടെ ഷെല്‍ഫില്‍ നിന്നും 38000 പാക്കറ്റുകള്‍ പിന്‍വലിക്കാന്‍ സ്റ്റോര്‍ തീരുമാനിച്ചു. രണ്ട് വയസ്സുള്ള പേരക്കുട്ടിക്ക് ഉച്ചഭക്ഷണത്തിന് ഈ പച്ചക്കറികള്‍ നല്‍കവെയാണ് കൂടെക്കിട്ടിയ എലി ശ്രദ്ധയില്‍ പെട്ടത്. അഞ്ച് പേരക്കുട്ടികളുടെ മുത്തശ്ശി ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ചതോടെ ജര്‍മ്മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ ഉടന്‍ നഷ്ടപരിഹാരവുമായി രംഗത്തെത്തി. ആദ്യം വെറും 30 പൗണ്ട് നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞ കമ്പനി സംഗതി പൊല്ലാപ്പാകുമെന്ന് തിരിച്ചറിഞ്ഞതോടെ 500 പൗണ്ടായി നഷ്ടപരിഹാരം ഉയര്‍ത്തി. 

എന്നാല്‍ ഈ നഷ്ടപരിഹാരം 60-കാരി തള്ളിക്കളഞ്ഞു. ഈ ബാച്ചില്‍ പെട്ട പച്ചക്കറി പാക്കറ്റില്‍ രണ്ട് തവണ എലികളെക്കുറിച്ച് പരാതി ലഭിച്ചതായി എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിലും മിക്‌സഡ് വെജിറ്റബിള്‍ പാക്കറ്റില്‍ എലിയുടെ ശരീരഭാഗങ്ങള്‍ കിടന്നിരുന്നു. കോണ്‍വാളിലെ ലിസ്‌കിയാര്‍ഡില്‍ താമസിക്കുന്ന പാറ്റിന് ലഭിച്ച പാക്കറ്റില്‍ എലിയുടെ പകുതി ഭാഗം ഉണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം രോമവും ഉണ്ടായിരുന്നത്രേ. ഫ്രോസണ്‍ അവസ്ഥയില്‍ ആയതിനാല്‍ ഒന്ന് ഡീഫ്രോസ് ചെയ്ത ശേഷമാണ് സംഗതി ഇവര്‍ ഉറപ്പിച്ചത്. 

വാങ്ങിയ പ്രദേശത്തെ സ്റ്റോറില്‍ എത്തിയപ്പോള്‍ 30 പൗണ്ട് നഷ്ടപരിഹാരമാണ് ഇവര്‍ നല്‍കാന്‍ ഒരുങ്ങിയത്. എന്നാല്‍ ഇതില്‍ തൃപ്തിയില്ലാതെ പാറ്റ് ചിത്രങ്ങളെടുത്ത് ആല്‍ഡി ഹെഡ് ഓഫീസില്‍ അയച്ചു. ബെല്‍ജിയത്തിലെ അഗ്രിഫീസ് ഉത്പാദിപ്പിക്കുന്ന ഈ പച്ചക്കറികള്‍ ക്രിസ്മസ് കാലത്ത് 40,000 പാക്കറ്റ് വിറ്റിരുന്നു. ഏതൊക്കെ വെജിറ്റേറിയന്‍മാര്‍ ഈ നോണ്‍ വെജ് അകത്താക്കിയെന്ന് വ്യക്തമല്ല!




കൂടുതല്‍വാര്‍ത്തകള്‍.