ബാങ്ക് തട്ടിപ്പ് കേസില്‍ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് സിബിഐ. ഇക്കുറി രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര മില്ലായ സിംബവോളി ഷുഗേര്‍സ് ലിമിറ്റഡിനെതിരെയാണ് 200 കോടി രൂപയുടെ തട്ടിപ്പില്‍ കേസ് എടുത്തത്. ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ നിന്നുമാണ് യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി വായ്പ തട്ടിപ്പ് നടത്തിയത്.
പഞ്ചസാര കമ്പനിയും, അതിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും, ചില ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. ഇതുവരെ 10 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ ഒരാള്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ മരുമകനായ ഗുര്‍മീത് സിംഗ് മന്നാണ്. മന്നിന് പുറമെ ഡെപ്യൂട്ടി എംഡി ഗുര്‍പാല്‍ സിംഗ്, സിഇഒ ജിഎസ്‌സി റാവുവും പ്രതികളാണ്.
കരിമ്പ് കര്‍ഷകര്‍ക്കും, സ്വയം സഹായം സംഘങ്ങള്‍ക്കും അനുവദിച്ച ലോണുകള്‍ കമ്പനി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയായിരുന്നു. 2011-ലാണ് ലോണ്‍ ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് സഹായധനം നല്‍കാനുള്ള ആര്‍ബിഐ സ്‌കീം പ്രകാരമാണ് ലോണ്‍ അനുവദിച്ചത്. എന്നാല്‍ ഈ ലോണുകള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കായാണ് സിംബാവോളി കമ്പനി ചെലവാക്കിയത്.
പഴയ ലോണുകള്‍ അടച്ച് തീര്‍ക്കാനായി 110 കോടിയുടെ ലോണുകളാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ തരപ്പെടുത്തി കൊടുത്തത്. എന്നാല്‍ ഇതും തിരിച്ചടയ്ക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തി. സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലും, ഉടമകളുടെ വീടുകളിലും സിബിഐ തെരച്ചില്‍ നടത്തി. ബാങ്ക് വഞ്ചനാ കേസുകള്‍ ഭരണപക്ഷത്തെ അക്രമിക്കാനായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങവെയാണ് അമരീന്ദറിന്റെ മരുമകന്‍ ഇത്തരമൊരു കേസില്‍ കുരുങ്ങുന്നത്.