പഹല്‍ഗാമിലെ കണ്ണീരിന് ഇന്ത്യന്‍ സൈന്യം മറുപടി നല്‍കി. ശക്തമായ തിരിച്ചടിയില്‍ നടുങ്ങി പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സില്‍ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തില്‍ വധിച്ചു എന്നാണ് സൈന്യം പറഞ്ഞിരിക്കുന്നത്.
അതേസമയം ആക്രമണം നടത്തുന്നതിന് മുമ്പുതന്നെ ഇന്ത്യ പാകിസ്ഥാന് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുലര്‍ച്ചെ 1 : 28 നായിരുന്നു എക്സില്‍ ഇന്ത്യന്‍ കരസേനയുടെ പോസ്റ്റ് വന്നത്. അതില്‍ അവര്‍ ഇങ്ങനെ കുറിച്ചു: ''ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവര്‍'' കരസേനാ എഡിജിപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് വന്ന് തയാറെടുപ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ പാകിസ്ഥാന് തിരിച്ചടി കിട്ടുക ആയിരുന്നു.
16 മിനിറ്റുകള്‍ കൂടി കഴിഞ്ഞ് 1 : 44 നാണ് ഇന്ത്യയുടെ ആക്രമണം വന്നത്. ആക്രമണം ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങള്‍ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് നടന്നത്.
അതേസമയം ആക്രമണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ ഇതിലും ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് സൈന്യം നല്‍കുന്ന സൂചന .