CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 3 Seconds Ago
Breaking Now

എതിരാളികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മതിയായി; 2019 തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രശാന്ത് കിഷോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം?

ഷായുമായുള്ള പ്രശ്‌നങ്ങളാണ് പ്രശാന്തിനെ പുറത്തേക്കുള്ള വാതിലില്‍ എത്തിച്ചത്

തെരഞ്ഞെടുപ്പ് പ്രചരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറെ കൊതിക്കുന്ന ഘടകമാണ്. 2014 പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം കൊടുത്തതാണ് പ്രശാന്തിനെ പാര്‍ട്ടികളുടെ കണ്ണിലുണ്ണിയാക്കിയത്.

എന്നാല്‍ ഇതിന് ശേഷം ഇദ്ദേഹം ബിജെപിയുമായി വേര്‍പിരിഞ്ഞ് എതിരാളികളുടെ പ്രചരണത്തിന് നേതൃത്വം നല്‍കി. നിതീഷ് കുമാറിന്റെ മഹാസഖ്യത്തിന് വിജയം സമ്മാനിച്ചത് മുതല്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഒപ്പം ചേര്‍ന്ന് പ്രശാന്ത് കിഷോര്‍ പ്രചരണ വേദികളില്‍ സജീവമായി. പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് വിജയിച്ചപ്പോള്‍ ഇദ്ദേഹത്തിനാണ് ക്രെഡിറ്റ് നല്‍കിയത്.

എന്നാല്‍ സുപ്രധാനമായ 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ നരേന്ദ്ര മോദിക്കൊപ്പം തന്നെ തിരികെ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പ്രശാന്ത് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. രണ്ടാം വട്ടം ബിജെപി സര്‍ക്കാരിനെ കേന്ദ്രത്തില്‍ എത്തിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാകും ഈ നീക്കങ്ങള്‍.

പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം വേര്‍പിരിഞ്ഞെങ്കിലും പ്രധാനമന്ത്രിയുമായി പ്രശാന്തിന് വ്യക്തിപരമായ അടുപ്പമുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. ഷായുമായുള്ള പ്രശ്‌നങ്ങളാണ് പ്രശാന്തിനെ പുറത്തേക്കുള്ള വാതിലില്‍ എത്തിച്ചത്. എന്നാല്‍ വീണ്ടുമൊരു ഒരുമിക്കലിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ നേതാവാണ്, അതുകൊണ്ട് തന്നെ പ്രശാന്ത് കിഷോര്‍ ഈ അവസരം വിനിയോഗിക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

ചര്‍ച്ചകളില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്നും ശ്രോതസ്സ് വെളിപ്പെടുത്തി. മോദി എന്ന ബ്രാന്‍ഡിനെ ഉപയോഗപ്പെടുത്തുകയാണ് ബിജെപിയുടെ പദ്ധതി. ഇക്കാര്യത്തില്‍ അന്തിമതീരുമാനം വരുംദിനങ്ങളില്‍ വ്യക്തമാകും.




കൂടുതല്‍വാര്‍ത്തകള്‍.