ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരത്തിന്റെ മരണത്തെക്കുറിച്ച് വിശദീകരണവുമായി ദുബായ് പോലീസ്. അബദ്ധത്തില്‍ ബാത്ത്ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ദുബായില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ താരം ശനിയാഴ്ച രാത്രിയാണ് ഹോട്ടല്‍ മുറിയിലെ ബാത്ത്‌റൂമില്‍ വെച്ച് മരിച്ചത്.
മുങ്ങിമരണമാണ് നടന്നതെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വിശദീകരിച്ചു. ബോധം നഷ്ടപ്പെട്ടത് മൂലമാണ് ഇവര്‍ ബാത്ത്ടബ്ബില്‍ വീണ് മുങ്ങിത്താഴ്ന്നതെന്നും ദുബായ് പോലീസ് വ്യക്തമാക്കി. ദുബായ് പബ്ലിക് പ്രോസിക്യൂഷന് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ കേസ് കൈമാറിയിട്ടുണ്ട്.
ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് ശ്രീദേവി ബാത്ത്ടബ്ബില്‍ വീണതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. മരണത്തിന് പിന്നില്‍ ക്രിമിനല്‍ ഉദ്ദേശങ്ങളില്ലെന്നാണ് വിവരം. താരം മദ്യപിച്ചിരുന്നതായാണ് രക്തപരിശോധന വ്യക്തമാക്കുന്നത്. മദ്യപിച്ച് ബോധംകെട്ടാണ് താരം ബാത്ത്ടബ്ബില്‍ വീണതെന്ന് ഗള്‍ഫ് ന്യൂസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് താരം വെള്ളത്തില്‍ മുങ്ങി മരിച്ചതെന്ന് ഈ പത്രം പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് കൈമാറി. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന് എപ്പോഴാണ് മൃതദേഹം കൈമാറുന്നതെന്ന് വ്യക്തമല്ല. ഒരു സ്വകാര്യ പ്രൈവറ്റ് ജെറ്റ് മുംബൈയില്‍ നിന്നും ദുബായില്‍ എത്തി കാത്തുകിടക്കുകയാണ്.