രജനികാന്ത് ചിത്രം 2.0വിന്റെ റിലീസ് വൈകുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് സംവിധായകന്‍ ശങ്കര്‍. ഒരു വലിയ കമ്പനിയെയാണ് ചിത്രത്തിന്റെ വി.എഫ്.എക്‌സ് ജോലികള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചത്. ദീപാവലിക്ക് ആവുമ്പോഴേക്കും എല്ലാം പൂര്‍ത്തിയാകുമെന്ന് അവര്‍ വാക്കും തന്നു. അതിനനുസരിച്ച് ഞങ്ങള്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. പിന്നീട് അവര്‍ പറഞ്ഞു കുറിച്ചു കൂടി സമയം തരണമെന്ന്. അങ്ങനെ റിലീസ് ജനുവരിയിലേക്ക് നീട്ടി. ദുബായില്‍ വച്ച് ഓഡിയോ റിലീസ് നടക്കുമ്പോഴാണ് ജനുവരിയിലും ജോലികള്‍ തീരില്ല എന്ന് അവര്‍ പറയുന്നത്. ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി, സിസ്സാഹായരായി. ലണ്ടന്‍, മോണ്‍ഡ്രിയല്‍, യുക്രൈന്‍, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച 2100 വി.എഫ്.എക്‌സ് ഷോട്ടുകള്‍ ചിത്രത്തിലുണ്ട്. സംവിധായകന്‍ പറഞ്ഞു.
ഒരു പുതിയ കമ്പനിയെ സമീപിക്കുമ്പോള്‍ ഒരുപാട് പ്രായോഗിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ്. ഒരു ചെടിയെ വേരോടെ പറിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്നതു പോലെയുള്ള പ്രശ്‌നമാണ് ശങ്കര്‍ പറഞ്ഞു.
മുഴുനീള 3ഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തുന്നത്. കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ. ആര്‍ റഹ് മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വര്‍ക്കുകള്‍ ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സാബു സിറിലാണ് ആര്‍ട്ട് ഡയറക്ടര്‍. കേരളത്തിലെ വിതരണാവകാശത്തിനായി വന്‍ തുകയാണ് 2.0 യുടെ ടീം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 20 കോടിയോളം രൂപയാണ് സിനിമയ്ക്കായി അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. റെക്കോഡ് തുകയാണിത്.